
ന്യൂഡൽഹി: റെയിൽവേ കോച്ചുകളിൽ അടുത്തിടെയുണ്ടായ തീപിടിത്തങ്ങൾക്ക് പിന്നിൽ സാമൂഹിക വിരുദ്ധർക്ക് പങ്കുണ്ടായേക്കാമെന്ന് അന്വേഷണങ്ങളിൽ സൂചന. ഈ സംഭവങ്ങളെ ഇന്ത്യൻ റെയിൽവേ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും റെയിൽവേ സംരക്ഷണ സേന ഊർജ്ജിത അന്വേഷണം നടത്തിവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അമരാപുര റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ ഒരു സംഭവത്തിൽ, അജ്ഞാതനായ ഒരാൾ കോച്ചിനുള്ളിലെ ബെഡ്ഷീറ്റുകളും തുണികളും തീയിടാൻ ശ്രമിച്ചതാണ് വൻ തീപിടിത്തത്തിന് കാരണമായത്. ഹൗറയിലുണ്ടായ മറ്റൊരു സംഭവത്തിൽ, തീപിടിച്ച ട്രെയിനിലെ ശുചിമുറിയിൽ നിന്ന് പെട്രോളിൽ മുക്കിയ തുണിക്കഷ്ണം കണ്ടെടുത്തു. സമാനമായ രീതിയിൽ കോട്ടയിൽ രാജധാനി എക്സ്പ്രസ്സിലുണ്ടായ തീപിടിത്തത്തിന്റെ പ്രഭവകേന്ദ്രം ശുചിമുറിയാണെന്നാണ് പ്രാഥമിക നിഗമനം. സാസാരാമിൽ വൈദ്യുതി ജനറേറ്റർ പോലുമില്ലാതിരുന്ന ഒരു ശൂന്യമായ കോച്ചിലാണ് തീപിടിത്തമുണ്ടായത്.
അടുത്തിടെയുണ്ടായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ റെയിൽവേയ്ക്കുള്ള പ്രതിബദ്ധത അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. അമരാപുര, ഹൗറ സംഭവങ്ങളിൽ റെയിൽവേ ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലാണ് വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിച്ചതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും റെയിൽവേ അഭ്യർത്ഥിച്ചു. എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139-ൽ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.






