
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പ്രോ ടേം സ്പീക്കര്‍ ജി. സുധാകരനാണ് എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാളായ വി.ടി.സൂരജും കുഞ്ഞാലിക്കുട്ടിയുമെല്ലാം സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മുമ്പാകെ പ്രോ ടേം സ്പീക്കറായി ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമെന്ന പരിഗണനയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
വെള്ളിയാഴ്ച പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെയുള്ള നിയമസഭാ നടപടികള്‍ നിയന്ത്രിക്കുന്നത് പ്രോ ടേം സ്പീക്കറായിരിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങള്‍ക്ക് നാളത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല. സഭയിലെ ഏറ്റവും കൗതുകം കെ.എസ്.യു. നേതാവും ബാലുശേരിയില്‍ നിന്നുള്ള നിയുക്ത എംഎല്‍എയുമായ വി.ടി. സൂരജാണ്.






