
ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയാ ചക്രബര്‍ത്തിയുടെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ പുറത്തുവന്നു. സൂപ്പര്‍താരം ആമിര്ഖാന് മുതല്‍ മരണമടഞ്ഞ നൃത്ത സംവിധായിക സരോജ് ഖാന് വരെ റിയയുടെ കോള്‍ ലിസ്റ്റിലുണ്ട്. നടന് ആദിത്യ റോയ് കപൂര്‍, നടിമാരായ ശ്രദ്ധാ കപൂര്‍, രാകുല്‍ പ്രീത് സിംഗ്, ബാഹുബലി താരം റാണ ദഗ്ഗുബാട്ടി, സണ്ണി സിംഗ് എന്നിവരെയെല്ലാം റിയ വിളിച്ചിട്ടുള്ളതായും ഇവര്‍ തിരിച്ചു വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സിബിഐ യും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും റിയയേയും കുടുംബാംഗങ്ങളേയും ഇതിനകം പല തവണ ചോദ്യം ചെയ്തിരിക്കുകയാണ്.
സുശാന്തിന്റെ മരണത്തില്‍ ബോളിവുഡ് അടക്കി ഭരിക്കുന്ന ഖാന് ത്രയം ഇതുവരെ മിണ്ടിയിട്ടില്ല എന്നിരിക്കെ റിയയുടെ കോള്‍ ഡീറ്റെയ്ല്സില് സൂപ്പര്‍താരം ആമിര്‍ഖാന്റെ നമ്പര്‍ ഉള്‍പ്പെട്ടിരിക്കുന്നത് ചര്‍ച്ചയാകുന്നുണ്ട്. താരത്തെ ഒരു തവണയാണ് റിയ വിളിച്ചിട്ടുള്ളത്. എന്നാല്‍ അമീര്‍ പ്രതികരിച്ചില്ല. പകരം താരം പിന്നീട് മൂന്ന് എസ്എംഎസ് റിയയ്ക്ക് അയച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും തിളങ്ങുന്ന രാകുല്‍ പ്രീത് സിംഗിനെ 30 തവണമാണ് റിയ വിളിച്ചത്. 14 തവണ രാകുല്‍ റിയയെ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇരുവരും രണ്ടു തവണ എസ്എംഎസ് വഴിയും സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ആഷികി 2 താരം ആദിത്യാ റോയ് കപൂറിനെ റിയ വിളിച്ചത് 16 തവണയാണ്. ഏഴ് തവണ ഇയാള്‍ തിരിച്ചും വിളിച്ചു. ശ്രദ്ധാകപൂറിനെ മൂന്ന് തവണയും അവര്‍ തിരിച്ച് രണ്ടു തവണ റിയയേയും വിളിച്ചിട്ടുണ്ട്.
ബാഹുബലിയിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ റാണാ ദഗ്ഗുബാട്ടിയുമായും റിയ സൗഹൃദത്തിലായിരുന്നു. ഏഴു തവണ ദഗ്ഗുബാട്ടിയെ വിളിക്കുകയും നാലു തവണ താരം തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം മരണമടഞ്ഞ നൃത്ത സംവിധായിക സരോജ് ഖാനെയും റിയ വിട്ടില്ല. മൂന്ന് തവണ സരോജ്ഖാനെ വിളിക്കുകയും രണ്ടു തവണ സരോജ്ഖാന് തിരിച്ചു വിളിക്കുകയും ചെയ്തു. റിയ രണ്ടു തവണയും സരോജ്ഖാന് ഒരു തവണയും എസ്എംഎസും അയച്ചിട്ടുണ്ട്. ബോളിവുഡിലെ മുന്‍നിര സംവിധായകരില്‍ പെടുന്ന മഹേഷ് ഭട്ടുമായും റിയ ബന്ധം നില നിര്‍ത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ രണ്ടുപേരും തമ്മില്‍ 16 തവണയാണ് അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചത്. റിയ ഒമ്പത് കോളുകള്‍ വിളിച്ചപ്പോള്‍ അദ്ദേഹം തിരിച്ച് ഏഴു വിളികളും നടത്തി.
സുശാന്തിന്റെ പണാപഹരണം നടത്തിയെന്ന പിതാവിന്റെ ആരോപണത്തില്‍ റിയയെ എന്‍ഫോഴ്സ്മെന്റ് വിഭാഗം രണ്ടു തവണ ചോദ്യം ചെയ്തിരിക്കുകയാണ്. സഹോദരന് ഷൗവിക്കിനെ മൂന്ന് തവണയും പിതാവ് ഇന്ദ്രജിത്തിനെ ഒരു തവണയും ചോദ്യം ചെയ്തു. റിയയുടെ മുന്‍ മാനേജര്‍ ശ്രുതി മോഡിലെ മൂന്ന് തവണയും സുശാന്തിന്റെ വീട്ടു മാനേജര്‍ സാമുവല്‍ മിറാന്‍ഡയെ രണ്ടു തവണയും റിയയുടെ ചാര്‍ട്ടേഡ് അക്കൗണ്ട് ഋതേഷ് ഷായെ ഒരു തവണയും സുശാന്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സന്ദീപ് ശ്രീധര്‍ സുശാന്തിന്റെ സഹോദരി മിട്ടു സിംഗ് എന്നിവരെയെല്ലാം എന്‍ഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു കഴിഞ്ഞിരിക്കുകയാണ്. സുശാന്തിന്റെ പിതാവിന്റെയും മൂത്ത സഹോദരി റാണി സിംഗിനെയും സിബിഐ യും ചോദ്യം ചെയ്യും.






