
കോട്ടയം : കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ തനിക്കെതിരായ കുറ്റം നിഷേധിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്. ഫ്രാങ്കോ മുളയ്ക്കന് കേസില്‍ വിചാരണ നേരിടണമെന്ന് വിലയിരുത്തിയ കോടതി പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. സ്ത്രീപീഡനവും, പദവി ദുരുപയോഗം ചെയ്ത് ആവര്‍ത്തിച്ചുള്ള ലൈംഗിക പീഡനം ഉള്‍പ്പെടെ ആറ് വകുപ്പുകളിലായി 1000 പേജോളം വരുന്നതാണ് കുറ്റപത്രം. കന്യാസ്ത്രീയെ സെപ്തംബര്‍ 16 ന് വിസ്തരിക്കും.
ഒരു വർഷം കഠിന തടവും പിഴയും വരുന്ന അന്യായമായി തടഞ്ഞു വെയ്ക്കല്‍, 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് വരുന്ന അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക, പത്തു വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും ശിക്ഷ വരുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, 7 വർഷം കഠിന തടവ് വരാവുന്ന ഭീഷണിപ്പെടുത്തൽ, പത്ത് വർഷത്തിൽ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും വരാവുന്ന മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, പത്തു വർഷത്തിൽ കുറയാത്ത തടവ് മുതൽ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യല്‍, ഒരു വർഷം തടവ് മുതൽ അഞ്ച് വർഷം തടവ് വരാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍. എന്നിവയാണ് പ്രധാനമായും ചുമത്തിയിരിക്കുന്ന കുറ്റം. കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
ബിഷപ്പുമാരും കന്യാസ്ത്രീകളും ഉള്‍പ്പെടെ കേസില്‍ 87 പേരാണ് കേസില്‍ സാക്ഷികള്‍. അതേസമയം പ്രതി കുറ്റം നിഷേധിച്ചു. ദൈവത്തിനു അറിയാവുന്ന സത്യം കോടതിയിൽ തെളിയിക്കപ്പെടട്ടെ എന്നു കോടതിക്ക് പുറത്തു ഫ്രാങ്കോ മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയെ സെപ്തംബര്‍ 16 ന് വിസ്തരിക്കും. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പ്രാസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും പ്രതിക്ക് വേണ്ടി സി.എസ്സ് അജയനും കോടതിയിൽ ഹാജരായി.






