
കൂര്‍ക്കം വലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിതാവിനെ മകന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയിലാണ് സംഭവം നടന്നത്. പിലിബിത്തിലെ സൗദ ഗ്രാമത്തിലാണ് സംഭവം നടന്നത്. അറുപത്തിയഞ്ചുകാരനായ രാംസ്വരൂപാണ് മകന്റെ തല്ലു കൊണ്ട് മരിച്ചത്. ഭാര്യയ്ക്കും ആണ് മക്കളായ നവീന്‍, മുകേഷ് എന്നിവര്‍ക്കൊപ്പമായിരുന്നു രാംസ്വരൂപ് കഴിഞ്ഞിരുന്നത്.
ഭാര്യയും ഇളയ മകന് മുകേഷും ബന്ധു വീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം നടക്കുന്നത്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം, രാംസ്വരൂപിന്റെ കൂര്‍ക്കം വലിയെ ചൊല്ലി മുകേഷ് ഇദ്ദേഹവുമായി തര്‍ക്കിച്ചു. ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്ന സ്വഭാവമുള്ള ആളായിരുന്നു രാംസ്വരൂപ്. ഇതിനെ കുറിച്ചുള്ള സംസാരമാണ് രൂക്ഷമായ തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. വാക് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് മകന് വടിയെടുത്ത് അച്ഛനെ പൊതിരെ തല്ലുകയായിരുന്നു. തല്ലു കൊണ്ട് അവശനായ പിതാവ് ബോധരഹിതനാകുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.
പിതാവും ജ്യേഷ്ഠനും തമ്മിലുള്ള വഴക്കിനെ കുറിച്ചറിഞ്ഞ് വീട്ടിലെത്തിയ നവീനാണ് രാംസ്വരൂപിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനു മുമ്പും പിതാവുമായി മൂത്ത മകന് നവീന്‍ തര്ക്കിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. തര്‍ക്കം മൂത്തതോടെ വടിയെടുത്ത് മുകേഷ് രാംസ്വരൂപിനെ തല്ലുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായി നിലത്ത് വീണു. സംഭവത്തിന് പിന്നാലെ മുകേഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






