
കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുട്ടികള്‍. നാലാം ക്ലാസ്സിലും പ്രന്തണ്ടാം ക്ലാസ്സിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ബന്ധുവാണ് ഇവരെ പീഡിപ്പിച്ചത്. കുട്ടികളെ ഇയാള്‍ പീഡിപ്പിക്കുമ്പോള്‍ അമ്മ നോക്കി നിന്നുവെന്നാണ് കുട്ടികള്‍ ഒരു മാധ്യമത്തോട് പറഞ്ഞത്.
ഭര്‍ത്താവുമായി പിരിഞ്ഞ് ഭര്‍ത്താവിന്റെ ഒരു ബന്ധുവിന്റെ കൂടെ കഴിഞ്ഞ ആറ് കൊല്ലമായി താമസിക്കുകയാണ് കുട്ടികളുടെ അമ്മ. ഇരുവരും ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. ഇരുവരും അവധിക്ക് അമ്മയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ഇളയകുട്ടി പീഡനത്തിനിരയായത്. അന്ന് നിലവിളിച്ച് കരഞ്ഞപ്പോള്‍ അമ്മ വായ പൊത്തിപ്പിടിക്കുകയായിരുന്നു എന്ന് കുട്ടി പറയുന്നു.
മൂന്നാഴ്ച മുന്‍പ് പ്ലസ്ടുവില്‍ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി ഉപദ്രവിച്ചു. തുടര്‍ന്ന് ഈ വിവരം അനുജത്തിയോട് പറഞ്ഞപ്പോഴാണ് ഇയാള്‍ തന്നെയും ഉപദ്രവിച്ചുവെന്ന കാര്യം കുട്ടി സഹോദരിയോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ അച്ഛനെ വിളിച്ച് സംഭവം പറഞ്ഞു. അച്ഛന് കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചൈല്‍ഡ് ലൈനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് അമ്മയെയും ബോസെന്ന 52 കാരനെയും പോക്സോ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.






