
ഒന്ന്, രണ്ട്, മൂന്ന്...ഒന്നിന് മീതെ ഒന്നായി ടെഡ് ഹേസ്റ്റിങ്സ് ധരിച്ചത് 260 ടി-ഷർട്ടുകൾ. ഒന്നു പോലും ഊരി മാറ്റാതെ വിവിധ സൈസിലുള്ള ടി-ഷർട്ടുകൾ ധരിച്ച് ടെഡ് കയറിക്കൂടിയത് ഗിന്നസ് ലോക റെക്കോഡിലേക്കാണ്.
2019 ലാണ് ഏറ്റവും കൂടുതൽ എണ്ണം ടി-ഷർട്ട് ഒറ്റയവസരത്തിൽ ധരിച്ച വ്യക്തിയെന്ന റെക്കോഡ് ടെഡ് നേടിയത്. ഗിന്നസ് വേൾഡ് റെക്കോഡ്സ് ടെഡിന്റെ റെക്കോഡ് നേട്ടത്തിന്റെ വീഡിയോ അഞ്ചു ദിവസത്തിന് മുമ്പാണ് ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തത്. 'ഏറ്റവുമധികം ടി-ഷർട്ടുകൾ ഒറ്റയടിക്ക്-ടെഡ് ധരിച്ചത് 260' എന്നാണ് വീഡിയോയ്ക്കൊപ്പം ഗിന്നസ് വേൾഡ് റെക്കോഡ്സ് കുറിച്ചത്.
ടി-ഷർട്ടുകളിടാൻ മൂന്ന് നാല് പേർ ടെഡിനെ സഹായിക്കുന്നത് വീഡിയോയിൽ കാണാം. മീഡിയം സൈസ് മുതൽ 20X സൈസ് വരെയുള്ള ടി-ഷർട്ടാണ് ടെഡ് ധരിച്ചത്. കിട്ടാവുന്നതിൽ ഏറ്റവും വലിപ്പമുള്ളതും ടെഡിന് ധരിക്കാനാവുന്നതുമായ സൈസായിരുന്നു 20X. ഇടയ്ക്കിരുന്നും നിന്നുമൊക്കെയാണ് ടെഡ് ടി-ഷർട്ടിടുന്നത്.
260 ടി-ഷർട്ടുകളിട്ടു കഴിയുമ്പോൾ ഒപ്പമുള്ളവർ ഷർട്ടുകളെണ്ണുന്നതും ടെഡിന് ഫ്രെയിം ചെയ്ത റെക്കോഡ് കൈമാറുന്നതും വീഡിയോയിൽ കാണാം. ടെഡിനെ കാണുമ്പോൾ ഏതോ കാർട്ടൂൺ കഥാപാത്രത്തെയാണ് നമുക്ക് ഓർമ വരിക.
റെക്കോഡ് കരസ്ഥമാക്കിയതിനെ തുടർന്ന് ലഭിച്ച തുക സ്കൂളിൽ പുതിയ കളിസ്ഥലനിർമാണത്തിനായി ടെഡ് നൽകി. കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടേയും പ്രാധാന്യത്തെ കുറിച്ച് മക്കളായ വില്യത്തിനും അവേറിയ്ക്കും ഇതിലൂടെ മനസിലാക്കിക്കൊടുക്കാൻ സാധിച്ചതായി ടെഡ് പറഞ്ഞു.






