
കിങ്സ്റ്റൺ : ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ ജന്മദിനാഘോഷച്ചടങ്ങില് പങ്കെടുത്ത തന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്. 34ാം ജന്മദിനത്തില് സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഒരുക്കിയതിനു പിന്നാലെ തന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമാക്കി തിങ്കളാഴ്ച ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് രംഗത്തെത്തിയിരുന്നു.
യു.എ.ഇയിൽ ഐ.പി.എൽ 13-ാം പതിപ്പിന് സെപ്റ്റംബർ 19-ന് തുടക്കമാകാനിരിക്കെ ഇതോടെ എല്ലാവരുടെയും ശ്രദ്ധ ക്രിസ് ഗെയിലിലായി. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് താരമായ ഗെയിലിന്റെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായാൽ അത് താരത്തിന്റെ യു.എ.ഇ യാത്രയേയും പഞ്ചാബ് ടീമിനെയും ബാധിക്കുമായിരുന്നു. എന്നാൽ താൻ രണ്ടു തവണ കോവിഡ്-19 പരിശോധന നടത്തിയെന്നും രണ്ടും തവണയും ഫലം നെഗറ്റീവാണെന്നും വ്യക്തമാക്കി ഗെയ്ൽ രംഗത്തെത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഗെയ്ൽ ഇക്കാര്യം കുറിച്ചത്.
ഓഗസ്റ്റ് 21-ന് സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നടത്തിയ പാർട്ടിയിൽ ഇംഗ്ലണ്ടിന്റെ മാഞ്ചെസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്, ബയേർ ലെവർക്കൂസൻ താരം ലിയോൺ ബെയ്ലി തുടങ്ങിയവർ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം കോവിഡ് സ്ഥിരീകരിച്ച ബോൾട്ട് ഹോം ക്വാറന്റൈനിലാണ്. ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് കോവിഡ് ബാധിതനാണെന്ന വിവരം ബോൾട്ട് അറിയിച്ചത്.






