
ന്യൂഡല്‍ഹി: പാന്ഗോങ് തടാക പ്രദേശത്തെ തല്‍സ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ശ്രമം ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതിനു പിന്നാലെ പ്രദേശത്ത് സൈനിക സാന്നിധ്യം ശക്തമാക്കി ഇന്ത്യ. ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സൈന്യം പ്രതിരോധിച്ചിരുന്നു.
പാന്ഗോങ് തടാകത്തിന്റെ തെക്കന്‍തീരത്തെ പ്രദേശങ്ങള്‍ കയ്യേറാനുള്ള ചൈനയുടെ പുതിയ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമാന്തരമായ പ്രദേശങ്ങളില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പാന്ഗോങ് തടാകത്തിനു ചുറ്റുമുള്ള നിര്‍ണായക ഇടങ്ങളിലാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുള്ളതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 29-ാം തിയതി അര്‍ധരാത്രിയോടെയും 30-ാം തിയതി പുലര്‍ച്ചയോടെയുമാണ് പാന്ഗോങ് തടാകത്തിന്റെ തെക്കന്‍തീരത്തെ തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള നീക്കങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഉന്നത സൈനിക-സുരക്ഷാ മേധാവികള്‍ കിഴക്കന്‍ ലഡാക്കിലെ സാഹചര്യങ്ങള്‍ ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ പ്രകോപനത്തെ കുറിച്ച് കരസേന മേധാവി എം.എന്‍. നരവണെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.






