
ലഖ്നൗ : അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി 14-കാരി. നഗരത്തിലെ അതിസുരക്ഷാമേഖലയിലെ ഇരട്ട കൊലപാതകത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും പ്രതിരോധത്തിലാക്കിയതോടെ തുടക്കത്തിലേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥന്റെ മകളും ദേശീയതലത്തില്‍ ഷൂട്ടിങ് താരവുമായ 14-കാരിയാണ് അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടി കുറ്റംസമ്മതിച്ചെന്നും എല്ലാകാര്യങ്ങളും തുറന്നു പറഞ്ഞെന്നും പോലീസ് പറഞ്ഞു.
കടുത്ത വിഷാദത്തിന് അടിമപ്പെട്ടിരുന്ന പെണ്‍കുട്ടി ജാപ്പനീസ് നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. നോവലിലെ കഥാപാത്രങ്ങളെ യഥാര്‍ഥ ജീവിതത്തില്‍ കണ്ടാണ് പെണ്‍കുട്ടി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കിടപ്പുമുറിയും വാഷ് റൂമും പരിശോധിച്ചതോടെ അസ്വാഭാവികതകള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെ ചോദ്യം ചെയ്തതോടെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. കൗണ്‍സിലര്‍മാരുടെ സഹായത്തോടെയാണ് പോലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്.
അമ്മയും സഹോദരനും ഉറങ്ങികിടക്കുന്നതിനിടെയാണ് പെണ്‍കുട്ടി ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. അതിന് മുമ്പ് ഏറെസമയമെടുത്ത് കുളിച്ചിരുന്നു. ശേഷം കുളിമുറിയിലെ കണ്ണാടിയില്‍ 'ഞാന്‍ അയോഗ്യനായ മനുഷ്യന്' എന്ന് ടൊമാറ്റോ സോസ് കൊണ്ട് എഴുതി. പിന്നീട് മുറിയിലെത്തി കൈവശമുണ്ടായിരുന്ന തോക്കില്‍ അഞ്ച് ബുള്ളറ്റുകള്‍ നിറച്ചു. ഇതില്‍ മൂന്നെണ്ണമാണ് ഉപയോഗിച്ചത്. ആദ്യ ബുള്ളറ്റ് കൊണ്ട് വാഷ് റൂമിലെ കണ്ണാടി വെടിവെച്ച് തകര്‍ത്തു. പിന്നാലെ അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചതിന് ശേഷം പെണ്‍കുട്ടി ബ്ലേഡ് കൊണ്ട് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും തലയോട്ടിയുടെ കളിപ്പാട്ടരൂപവും വിചിത്രമായ ചില ചിത്രങ്ങളും കണ്ടെടുത്തായി പോലീസ് അറിയിച്ചു.






