
വിഖ്യാത ഗായിക ആശ ഭോസ്ലെയുടെ സൂപ്പർഹിറ്റ് ഗാനത്തിനു തെരുവിൽ ചുവടുവച്ച് സമൂഹമാധ്യമ ലോക ശ്രദ്ധ നേടിയിരിക്കുകയാണ് രണ്ട് സ്ത്രീകൾ. ‘പിയാ തു അബ് തോ ആജാ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും ഡാൻസ്. ചിരിച്ചുല്ലസിച്ച് ഏറെ ആസ്വദിച്ചാണ് പ്രകടനം. ഒരു യുവാവാണ് ട്വിറ്ററിൽ ഡാൻസ് വിഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു.
സാരി ധരിച്ച് പാദരക്ഷകൾ അണിയാതെ ആൾത്തിരക്കുള്ള റോഡിന്റെ അരികിൽ നിന്നാണ് സ്ത്രീകളുടെ ഡാന്‍സ്. സമീപത്തുകൂടി വാഹനങ്ങളും മറ്റും കടന്നു പോകുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയാണ് ഇരുവരുടെയും ഗംഭീര പ്രകടനം. വിഡിയോയുടെ തുടക്കത്തിൽ ഇവർക്കൊപ്പം ഒരു പുരുഷനും ചുവടു വയ്ക്കുന്നുണ്ട്.
This is so cute☺️ pic.twitter.com/xDslL51Ob0
— Pathan ka Baccha (@peechetodekho) August 29, 2020
ഇരുവരുടെയും പ്രായം വ്യക്തമല്ലെങ്കിലും വാർധക്യത്തിലേയ്ക്കെത്തിവരാണെന്ന് ദൃശ്യത്തിൽ നിന്നും മനസ്സിലാക്കാം. നൃത്ത വിഡിയോ വൈറലായതോടെ സാക്ഷാൽ ആശാ ഭോസ്ലെയുടെ പ്രതികരണവുമെത്തി. ‘എനിക്കിത് ഇഷ്ടമായി’ എന്നു കുറിച്ച് ഒരു സ്മൈലിയും ഗായിക സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നിരവധി പേർ ഈ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അസാമാന്യമായി ചുവടുവച്ച് രസിപ്പിച്ച ഈ കലാകാരികൾ ഏതാണെന്നറിയാനുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.






