ന്യൂഡല്‍ഹി: 1984ലെ സിഖ് കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സജ്ജന്‍ കുമാറിന് ആശുപത്രിയില്‍ കഴിയേണ്ട സാഹചര്യമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. 2018 ഡിസംബര്‍ 17നാണ് മുന്‍ കോണ്‍ഗ്രസ് എം.പിയായ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജസ്റ്റിസ് എസ്. മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചായിരുന്നു കേസില്‍ വിധി പറഞ്ഞത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ ഡല്‍ഹി കാന്റ് മേഖലയിലെ രാജ്നഗറില്‍ അഞ്ച് സിഖുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. കലാപത്തില്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ മാത്രം 95 സിഖുകാര്‍ കൊല്ലപ്പെട്ടു. കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
1984ല്‍ ഇന്ദിരാ ഗാന്ധി തന്റെ സിഖ് അംഗരക്ഷകരാല്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം നടന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സിഖുകാരെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്യുകയായിരുന്നു. കലാപത്തില്‍ 3350 സിഖുകാര്‍ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ 8000-17,000 വരെയാകാമെന്നാണ് സ്വതന്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നത്.






