
നടന് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം ആരാധകരും സിനിമാ താരങ്ങളും ആഘോഷമാക്കുന്നതിനിടെ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന് രഞ്ജിത്ത് എത്തിയിരിക്കുകയാണ്. തന്റെ സിനിമാജീവിതത്തിന്റെ തുടക്കം മുതല്‍ കൂട്ടായി നിന്ന... നിരവധി സിനിമകളില്‍ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ച... മമ്മൂട്ടിയുമായുള്ള അനുഭവങ്ങളാണ് രഞ്ജിത്ത് പങ്കുവെച്ചിരിക്കുന്നത്.
ഒരമ്മ പെറ്റ മക്കളല്ലെങ്കിലും എന്റെ മുതിര്‍ന്ന സഹോദരനായ ഈ മനുഷ്യനെക്കുറിച്ച് എന്താണ് ഞാന്‍ എഴുതുക എന്നുപറഞ്ഞുകൊണ്ടാണ് രഞ്ജിത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.... മമ്മൂക്കയെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സും കയ്യിലെ പേനയും മടി കാണിക്കുന്നു.
സിനിമാജീവിതത്തിലെ സന്നിഗ്ധഘട്ടങ്ങളില്‍ എന്നെ മുന്നോട്ടുനയിച്ച നേതാവാണ് മമ്മൂട്ടി എന്നും രഞ്ജിത്ത് പറയുന്നു. 'കയ്യൊപ്പ്' എന്ന സിനിമയില്‍ വഴിച്ചെലവിനുള്ള കാശ് പോലും തനിക്ക് ചെലവാക്കേണ്ട സാഹചര്യമുണ്ടാക്കാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്ന് രഞ്ജിത്ത് വെളിപ്പെടുത്തി. ആ സിനിമയുടെ ഏകദേശരൂപം മമ്മൂട്ടിയോടും സിദ്ദിഖിനോടും പങ്കുവെച്ചു. ചുരുങ്ങിയ ബജറ്റിലാണ് ചിത്രം ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. 'ഈ ബാലചന്ദ്രന് എന്ന കഥാപാത്രത്തിന് എത്രനാള്‍ ഷൂട്ട് വേണ്ടിവരും' മമ്മൂട്ടി ചോദിച്ചു. നിങ്ങള്‍ക്ക് പ്രതിഫലം തരാനുള്ള വക എനിക്കില്ല എന്നു പറഞ്ഞപ്പോള്‍, ചോദിച്ചത് പ്രതിഫലം അല്ല, എന്റെ എത്രനാള്‍ വേണമെന്നാണ് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്ന് രഞ്ജിത്ത് പറയുന്നു.
'പിന്നീടെന്റെ മറ്റൊരു സിനിമയിലേക്ക് അധികാരത്തോടെ, സ്നേഹത്തോടെ അദ്ദേഹം വന്നുകയറി. ഞാന്‍ ഡേറ്റ് ചോദിക്കാന്‍ വേണ്ടി വിളിച്ചിട്ടില്ല, വിളിച്ച് തന്നതാണ്. അതാണ് 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ.' രഞ്ജിത്ത് പറയുന്നു. 'പ്രാഞ്ചിയേട്ടന്' എന്ന സിനിമയിലും സമാനമായ അനുഭവമായിരുന്നെന്നാണ് രഞ്ജിത്ത് പറയുന്നത്.






