
കൊച്ചി : കേരളത്തെ നടുക്കിയ കളമശേരി ബസ് കത്തിക്കല്‍ സംഭവത്തിനു നാളെ 15 വര്‍ഷം തികയുന്നു. 2005 സെപ്റ്റംബര്‍ ഒന്പതിനു രാത്രി കളമശേരിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ വിചാരണ നടപടികള്‍ ഇപ്പോഴും പാതിവഴിയില്‍.
2005 സെപ്റ്റംബര്‍ ഒന്പതിനു രാത്രിയാണു തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് പെട്രോളൊഴിച്ചു കത്തിച്ചത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവിലായിരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അല്‍ക്വയ്ദ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയാണ് ബസ് കത്തിക്കലില്‍ കലാശിച്ചതെന്നാണു കേസ്. അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ പത്താം പ്രതിയാണ്. സംഭവം നടന്നയുടനെ പ്രതികള്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടെന്നു കണ്ടെത്തിയിരുന്നു. 13 പേരാണ് എന്‍.ഐ.എയുടെ പ്രതിപ്പട്ടികയിലുള്ളത്.
എന്‍.ഐ.എ. കേരളത്തില്‍ അന്വേഷണം ഏറ്റെടുത്ത ആദ്യ കേസാണിത്. കളമശേരിയില്‍ ബസ് കത്തിച്ചതിന് തൊട്ടടുത്തുള്ള എച്ച്.എം.ടിയുടെ സ്ഥലത്താണ് ഇപ്പോള്‍ എന്‍.ഐ.എയുടെ ആസ്ഥാന മന്ദിരത്തിനു ശിലയിട്ടിരിക്കുന്നത് എന്നത് ചരിത്രനിയോഗം.
സംഭവം നടന്ന് അഞ്ചാം വര്‍ഷം 2010-ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തടിയന്റവിട നസീര്‍ ഒന്നാം പ്രതി. അബ്ദുള്‍ റഷീം എന്ന പ്രതി കശ്മീരില്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനാല്‍ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. ആദ്യഘട്ടത്തില്‍ അറസ്റ്റിലായ ഷെറീഫ്, ഉമര്‍ ഫറൂഖ്, അബ്ദുള്‍ റഹീം എന്നിവര്‍ക്ക് ബസ് കത്തിക്കലില്‍ നേരിട്ട് പങ്കാളിത്തമില്ലെന്നു തെളിഞ്ഞത് പിന്നീട് നവാസ് എന്ന പ്രതിയെ എന്‍.ഐ.എ. കുടുക്കിയതോടെയാണ്. നവാസ് കേരളത്തില്‍നിന്ന് പാക് അധിനിവേശ കശ്മീരില്‍ തീവ്രവാദ പരിശീലനത്തിനുപോയ ആദ്യ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. ഹവാലാ പണം പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിതരണം ചെയ്യുന്നവരില്‍ മുഖ്യ കണ്ണിയായിരുന്നു ഇയാളെന്നു തെളിഞ്ഞതോടെ ബസ് കത്തിക്കല്‍ കേസ് പുതിയ തലത്തിലെത്തി.
എറണാകുളത്തുനിന്ന് സേലത്തേക്ക് 31 യാത്രക്കാരുമായി പുറപ്പെട്ട ബസിന്റെ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് എച്ച്.എം.ടി. കോളനിക്കു സമീപമെത്തിച്ചത്. യാത്രക്കാരെ പുറത്തിറക്കിയതിനു ശേഷമായിരുന്നു തീയിടല്‍. ദൃക്സാക്ഷികളായ യാത്രക്കാരുടെയും ഡ്രൈവറുടെയും മൊഴി രേഖപ്പെടുത്തിയ ഫയല്‍ പിന്നീട് ദുരൂഹസാഹചര്യത്തില്‍ കാണാതായി. ബസില്‍ യാത്രക്കാരായി കയറിയ മൂന്നുപേരും കളമശേരിയില്‍നിന്നു ബൈക്കില്‍ പിന്തുടര്ന്നവരും ഉള്‍പ്പെടെ ആറുപേരാണ് കൃത്യത്തില്‍ പങ്കെടുത്തത്. ആറുപേരും സംഭവത്തിനുശേഷം ബൈക്കുകളില്‍ രക്ഷപ്പെട്ടു.
രാജ്യദ്രോഹം, ഗൂഢാലോചന, ആയുധ നിരോധന നിയമം എന്നിവ ആരോപിക്കപ്പെട്ട കേസില്‍ കഴിഞ്ഞവര്‍ഷം മേയ് പത്തിനു കൊച്ചി എന്‍.ഐ.എ. കോടതിയില്‍ വിചാരണ നടപടികള്‍ക്കു തുടക്കമിട്ടെങ്കിലും പ്രധാന പ്രതികളെയും സാക്ഷികളെയും ഹാജരാക്കാത്തതിനാല്‍ വിചാരണ തുടങ്ങാനായില്ല. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റു പല കേസുകളില്‍ പ്രതിയായി ബംഗളുരു ജയിലിലാണ്. കഴിഞ്ഞവര്‍ഷം നസീറിനെയും സൂഫിയയെയും മറ്റും വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാവരെയും ഒരുമിച്ച് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കല്‍ വൈകുകയാണ്.
കേസിന് നിമിത്തമായ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്നിന്നു മുക്തനായ അബ്ദുള്‍ നാസര്‍ മഅദനി 2008 ല്‍ ബംഗളുരുവില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ 31-ാം പ്രതിയായി പരപ്പനഅഗ്രഹാര ജയിലിലുമായി. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുള്ള മഅദനി ഇപ്പോള്‍ ചികില്‍സാര്‍ത്ഥം ബംഗളുരുവില്‍ വീട്ടുതടങ്കലിലാണ്. 2010-ലാരംഭിച്ച ബംഗളുരു കേസിന്റെ വിചാരണയും എങ്ങുമെത്തിയിട്ടില്ല.
രാജു പോള്‍






