
കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണു സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചു. ഇത് അടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ വെറും തടവും മൂന്നു വര്‍ഷത്തേക്ക് കോടതികളില്‍ കേസ് വാദിക്കുന്നതില്‍ വിലക്കുമാണു ശിക്ഷ. ഒരു രൂപ വിധിച്ച് കോടതി ഈ കേസില്‍നിന്നു തലയൂരിയെന്ന് ഇതെഴുന്നയാള്‍ക്ക് അഭിപ്രായമില്ല.
പ്രശാന്ത് ഭൂഷന്റെ നിലപാടിനും അതിനു നാട്ടില്‍ ലഭിച്ച പൊതുസ്വീകാര്യതയും മാനിച്ചു കോടതി അദ്ദേഹത്തിനു മാത്രം നല്കിയ ഒരു ഔദാര്യമാണ് ഒരു രൂപയുടെ ശിക്ഷ. ഇവിടെ അദ്ദേഹം ഇന്ത്യയുടെ ഒരു സാധാരണ പൗരന്റെ നിലയില്‍നിന്നും മാറ്റപ്പെട്ടു. ഈ ആനുകൂല്യം ഭാവിയില്‍ പൗരന്മാര്ക്കു കിട്ടും എന്നല്ല വിധി പറയുന്നത്. ഈ കേസ് കോടതി സ്വമേധയാ എടുത്തതാണ്.
പ്രശാന്ത് ഭൂഷണ് ഉന്നയിച്ചത് ഈ നാടിന്റെ പൊതുപ്രശ്നമാണ്. അദ്ദേഹത്തിന്റെ സ്വകാര്യപ്രശ്നങ്ങള്‍ ആയിരുന്നില്ല. ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്ക്കുന്നു, പരമോന്നത കോടതിയുടെ പ്രധാന വിധികര്‍ത്താക്കള്‍ ഭരിക്കുന്നവര്ക്കനുകൂലമായി ചാഞ്ഞുകൊടുക്കുന്നു, ഒരു ചീഫ് ജസ്റ്റിസ് ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു നേതാവിന്റെ വലിയ വിലകൂടിയ മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മെറ്റോ മാസ്കോ ധരിക്കാതെയിരുന്നു തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. കഴിഞ്ഞ നാലു ചീഫ് ജസ്റ്റിസുമാരുടെകാലങ്ങളില് ഇവിടെ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെട്ടു. അതില്‍ തിരുത്തേണ്ട കാര്യങ്ങളില്ലേ, അതിന്റെ രാജ്യനന്മ ഗൗരവമായി പരിഗണിച്ചോ എന്ന ചോദ്യങ്ങള്‍ ബാക്കിനില്ക്കുന്നു. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ മേലില്‍ ഉണ്ടായിക്കൂടെന്നു വ്യക്തമാക്കുന്ന വിധിയാണിത്. ഇവിടത്തെ ജനാധിപത്യത്തിനും ജനങ്ങള്‍ക്കും നല്കുന്ന ഒരു മരുന്നുണ്ട്. മരുന്ന് എന്നതിനു പ്ലേറ്റോ അര്‍ത്ഥമാക്കിയത് രണ്ടാണ്. ഒരു വശത്തു കൂടെ നോക്കിയാല്‍ മരുന്നാണ്, മറുവശത്തുകൂടെ നോക്കിയാല്‍ വിഷമാണ്
. ഓര്‍വലിന്റെ സറ്റയര്‍ ആവര്‍ത്തിക്കട്ടെ, വലിയ സര്‍ക്കാര്‍ എന്നതു വല്യേട്ടന് തന്നെയാണ്. അത് അമ്മായിയമ്മ പോലെയാണ്. ഈ വല്യേട്ടന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം പാടുന്നു, നൃത്തം ചെയ്യുന്നു. തൊപ്പിയില്‍നിന്ന് അത്ഭുതകരമായി മുയലിനെ എടുക്കുന്നു. നാം ഉണര്‍ന്നിരിക്കുമ്പോഴൊക്കെ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു. നാം പലവിചാരത്തിലാകാതിരിക്കാന് അദ്ദേഹം ശ്രദ്ധിക്കുന്നു. നാം എപ്പോഴും പൂര്‍ണമായ ശ്രദ്ധയിലാണെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നു.
രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് സോഫോക്ലീസിന്റെ നാടകത്തില്‍ ആന്റിഗണി എന്ന യുവതി, തന്റെ കൊല്ലപ്പെട്ട സഹോദരനെ അടക്കിയതിന്റെ പേരില്‍ കൊലയ്ക്കു വിധിക്കപ്പെട്ടു. അവള് രാജാവിന്റെ വിധി ധിക്കരിച്ച് ധര്‍മം നിറവേറ്റി. അവള് അതിനു കാരണം പറഞ്ഞതു തന്റെ ഉള്ളിലുള്ള ശക്തിയുടെ കല്പനയനുസരിക്കുന്നു എന്നാണ്. സോക്രട്ടീസിനെ ആഥന്‍സിലെ ജഡ്ജിമാര്‍ കൊല്ലാന്‍ വിധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതു "നിങ്ങളെപ്പോലുള്ളവരെപ്പോലെ സംസാരിച്ചു ജീവിക്കുന്നതിനെക്കാള്‍ എന്നെപ്പോലെ സംസാരിച്ചു മരിക്കാന്‍ തയാറാണ്" എന്നാണ്. ധാര്‍മികതയുടെ കണ്ടെത്തലുകാരനായി അദ്ദേഹത്തെ ഇന്നും ജനം സ്മരിക്കുന്നു.
യേശുവിനെ അന്യായമായി കൊല്ലാന്‍ വിധിച്ച പീലാത്തോസ് യേശുവിനോട് ചോദിച്ചു, എന്താണ് സത്യം? "സത്യം നിന്റെ തലവേദനയാണ്, അതു സാവധാനം നിന്റെ മരണവേദനയാകും" എന്ന് യേശു പറയുന്നതായി ബുള്‍ഗാക്കോവ് എഴുതി. പ്രശാന്ത് ഭൂഷണ് പരമോന്നത കോടതിയുടെ തലവേദനയായി. വളരെപ്പേര്‍ അദ്ദേഹത്തെ അനുകൂലിച്ചു നിലപാടെടുത്തു. അദ്ദേഹം ക്ഷമ പറയാന്‍ വിസമ്മതിച്ചു. അത് അദ്ദേഹത്തിന്റെ മനഃസാക്ഷിയോട് ചെയ്യുന്ന അക്രമമായിരിക്കും എന്നു പറഞ്ഞു. അവര്‍ സമ്മതിച്ചില്ല. ശിക്ഷ വിധിച്ചു. ഫലമായി അദ്ദേഹം മനഃസാക്ഷിയുടെ തടവുകാരനായി. ഈ വിധി ഒരു രൂപയില്‍ അവസാനിക്കില്ല. ഇതു ശിക്ഷയാണ്.
ഒരു രൂപയുടെ പരിഗണന ലഭിക്കുമ്പോഴും സ്വാതന്ത്ര്യം നഷ്ടമാകുന്നു. രാജാവിനു തുണിയില്ലെന്നു പറയാന്‍ പാടില്ല. തുണി ഉള്ളതു കൊണ്ടല്ല, രാജാവായതു കൊണ്ട്. ജനാധിപത്യം സാഹിത്യമാണ്, സാഹിത്യം ജനാധിപത്യമാണ് എന്നു ദരീദ എഴുതി; രണ്ടു സ്വാതന്ത്ര്യങ്ങള്‍ക്കു ഭീഷണിയായിക്കഴിഞ്ഞു. അധികാരം എപ്പോഴും ആരാധന ആവശ്യപ്പെടും. ഈ ആരാധന വിശ്വാസികള്‍ക്ക് പ്രിയമായിരിക്കും. പക്ഷെ, ജനാധിപത്യം അപകടത്തിലാക്കപ്പെടുകയാണ്. അധികാരത്തിന്റെ അഴിച്ചിലിനെ ആരും അങ്ങനെ തുറന്ന ഭാഷയില്‍ പറയില്ല. അഴിച്ചില്‍ കാണാതെയും പറയാതെയുമിരിക്കാന് അതിനെ മനോഹര വേഷങ്ങള്‍ ധരിപ്പിക്കാന്‍ അറിയാത്തവരല്ല അധികാരത്തിലിരിക്കുന്നവര്‍. നുണകള്‍ സത്യത്തിന്റെ വേഷം കെട്ടിയാടുന്നു. പുരോഗതി, വികസനം എന്നീ വാക്കുകളില്‍ നമ്മുടെ അടിമത്വം വേഷം മാറി നമ്മിലേക്കു വരുന്നു. പുരോഗതിയെ വസന്തയെന്നു വിളിച്ചതു മാര്‍ക്കേസാണ്. സത്യത്തിന്റെ വെളിച്ചത്തില്‍ നടക്കാനാവാതെ മറകള്‍ കെട്ടപ്പെടുമ്പോള്‍ നാട് ഗുലാഗിലേക്കു നീങ്ങുന്നു എന്ന് ആശങ്കപ്പെടേണ്ട കാലമാണ്.
റവ. ഡോ. പോള്‍ തേലക്കാട്ട്





