
കഴിഞ്ഞ ദിവസമാണ് പബ്ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തിലായിരുന്നു ഐടി മന്ത്രാലയം ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ആപ്ലിക്കേഷനുകള്‍ നിരോധനം കനത്ത ആഘാതമാണ് ടെന്‍സെന്റ് എന്ന ചൈനീസ് കമ്പനിയ്ക്കുണ്ടാക്കിയിിക്കുന്നത്.
റിപ്പോർട്ട് പ്രകാരം രണ്ട് ദിവസത്തിനുള്ളില്‍ 3400 കോടി ഡോളറിന്റെ (ഏകദേശം രണ്ടര ലക്ഷം കോടി രൂപ) നഷ്ടമാണ് കമ്പനിയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. നിരോധിച്ച അപ്പുകളായ പബ്ജി , അരീന ഓഫ് വാലര്‍, ചെസ് റണ്‍, ലുഡോ വേള്‍ഡ് എന്നിവയെല്ലാം ടെന്‍സെന്റുമായി ബന്ധമുള്ളവയാണ്. പ്രതിദിനം മൂന്ന് കോടി ഉപയോക്താക്കളാണ് പബ്ജി മൊബൈലിന് ഉണ്ടായിരുന്നത്. പബ്ജി മൊബൈല്‍ ആയിരുന്നു ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരാന്‍ ടെന്‍സെന്റിനെ സഹായിച്ചത്. പബ്ജി മൊബൈലിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണമെടുത്താല്‍ ഏറ്റവും മുന്നിൽ ഇന്ത്യ ആയിരുന്നു.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും പബ്ജി നീക്കം ചെയ്തു. നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ പബ്ജി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. മുമ്പ് രാജ്യത്തെ വിവിധ കോളേജ്, സര്‍വകലാശാല ക്യാമ്പസുകള്‍ പബ്ജിയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ വീചാറ്റ് ആപ്ലിക്കേഷന്‍ നിരോധിച്ചതും ടെന്‍സെന്റിന് കനത്ത തിരിച്ചടിയായി മാറിയിരുന്നു.






