തിരുവനന്തപുരം: കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യാസഭാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കിയതില്‍ താന്‍ പ്രകടിപ്പിച്ച എതിര്‍പ്പ് ശരിയായെന്ന് തെളിയിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. നേതൃത്വത്തിന്റെ നടപടി വിവേകശൂന്യവും ദീര്‍ഘവീക്ഷണമില്ലാത്തതുമാണെന്നും സുധീരന് പറഞ്ഞു.
കോണ്‍ഗ്രസിന് തികച്ചും അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ ബലികഴിച്ച് ജോസ് കെ. മാണിക്ക് ദാനം ചെയ്ത നേതൃത്വത്തിന്റെ വിവേകശൂന്യവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാന്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ അപ്രകാരം അഭിപ്രായപ്പെട്ടതെന്നും സുധീരന് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വി.എം സുധീരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു.
ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.
കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിൻ്റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.
കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എൻറെ വിയോജിപ്പിൻ്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു.
എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.






