
കൊച്ചി: ടൊവീനോ നായകനായ കല്‍ക്കിയില്‍ അപ്രധാന വില്ലന്‍ വേഷത്തില്‍ അഭിനയിച്ചതാണ് കലൂരുകാരന് നിയാസിന്റെ മലയാള സിനിമയിലെ പരിചയം. സിനിമകളില്‍ കാര്യമായി വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും താരങ്ങള്‍ക്ക് ലഹരി എത്തിച്ച് സിനിമാക്കാരുടെ അടുപ്പം നേടിയിരുന്ന ആളായിരുന്നു. ബംഗലുരുവിലെ ലഹരി മരുന്ന് കേസില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രധാന കണ്ണികളില്‍ ഒരാളാണ് നിയാസ്.
ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെയ്ക്കപ്പെട്ടിട്ടുണ്ട്. നടിയുമായി ഇയാള്‍ പാര്‍ട്ടിയിലും മറ്റും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സിസിബിയ്ക്ക്് ലഭിച്ചിട്ടുണ്ട്. സിനിമാക്കാര്‍ക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് ഇയാളെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമേ കന്നഡത്തിലും ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചായിരുന്നു നടിയുടെ വീട്ടില്‍ റെയ്ഡ് നടന്നതും അറസ്റ്റ് ഉണ്ടായതും.
ബംഗലുരുവില്‍ പബ്ബുകള്‍, ഫാഷന്‍ഷോകള്‍, സിനിമാ സെറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം നിയാസ് ലഹരി ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേ അറസ്റിലായ സീരിയല്‍ നടി അനിഘയും കൊച്ചിക്കാരന് അനൂപ് മുഹമ്മദുമായും ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സിനിമകളില്‍ മികവ് നേടാനാകാതെ പോയെങ്കിലും കേരളത്തിന് പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ റാംപ് ഷോകളില്‍ സജീവ സാന്നിദ്ധ്യമാണ്. മോഡല്‍ എന്ന നിലയില്‍ പ്രശസ്തനായ നിയാസ് റാംപ് ഷോകള്‍ക്കായി മോഡലുകളെ എത്തിച്ചു കൊടുക്കുന്നയാളുമാണ്.
കൊച്ചി, ബംഗലുരു, ഗോവ തുടങ്ങിയ കേന്ദ്രങ്ങളിലെ റാമ്പുകളില്‍ എത്തിയിരുന്നു. കോറമംഗലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ബുകളില്‍ ഒന്നില്‍ ബിസിനസ് പങ്കാളിയാണെന്നും പറയുന്നു. കൊച്ചി കലൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാള്‍ ഇവിടെ ജിമ്മില്‍ പതിവുകാരനായിരുന്നു. അരൂര്‍ സ്വദേശിയെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും അരൂരില്‍ ഇയാളുടെ വീട് കണ്ടെത്താനായിട്ടില്ല. സിനിമയും മോഡലിംഗും ലക്ഷ്യമിട്ട് അഞ്ചു വര്‍ഷമായി ബംഗലുരുവില്‍ സ്ഥിരതാമസമാണ്. എറണാകുളം സ്വദേശിയെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് ബന്ധം ഒഴിഞ്ഞു.






