
നെടുങ്കണ്ടം: പണത്തട്ടിപ്പ് ലക്ഷ്യമിടുന്ന ഹാക്കര്‍മാര്‍ വന്‍കിട കമ്പനികളെ വിട്ട് ചെറുകിട സ്ഥാപനങ്ങള്‍ക്ക് പിന്നാലെ. വന്‍ കമ്പനികളുടെ വെബ് സൈറ്റുകള്‍ക്ക് പകരം ചെറുകിട സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ആക്രമിക്കുകയാണ്. ഇടുക്കിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ വൈറസ് ആക്രമണം നടത്തി വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് മോചനദ്രവ്യം ആവശ്യപ്പെടുന്നതിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
നെടുങ്കണ്ടത്ത് തന്നെ രണ്ടു സ്റ്റുഡിയോകളുടെ വെബ്സൈറ്റ് ആക്രമിച്ചാണ് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടത്. റാന്സന് വൈറസ് ആക്രമണം നടത്തിയാണ് സ്റ്റുഡിയോയിലെ ഫയലുകള്‍ ഹാക്കര്‍മാര്‍ കവര്‍ന്നത്. ഇത് തിരിച്ചു കിട്ടാന്‍ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ മൂല്യമുള്ള ബിറ്റ് ക്വയിനുകള് നല്‍കണമെന്ന് ഹാക്കര്‍മാര്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു.
നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഷമീര്‍ ഷംസുദീന്റെ പെന്‍സില്‍ സ്റ്റുഡിയോയിലെ മൂന്ന് വര്‍ഷത്തെ ഫയലുകളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. 72 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷം രൂപ മൂല്യമുള്ള ബിറ്റ് ക്വയിന്‍ കൈമാറണമെന്ന സന്ദേശവും ഷംസുദീനെത്തി. വര്‍ഷങ്ങള്‍ കൊണ്ട് ശേഖരിച്ച ചിത്രങ്ങളടക്കം നഷ്ടപെട്ട നിലയിലാണ്. 2019 ഡിസംബറിലും നെടുങ്കണ്ടം കിഴക്കേ കവലയില്‍ പ്രവര്‍ത്തിക്കുന്ന രാജേഷ് ഹണിയുടെ സ്റ്റുഡിയോയിലെ കംപ്യൂട്ടറിലും റാന്സന് വൈറസ് ആക്രമണമുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ ഓണാക്കിയപ്പോള്‍ ഡാറ്റാസ് ഒന്നുമില്ല.
ഫയലുകള്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചു. 15 ദിവസത്തിനുള്ളില്‍ 1000 ഡോളര്‍ നല്കിയാല് ഡാറ്റ തിരികെ നല്‍കാം. 50 ശതമാനം ഡിസ്കൗണ്ടും നല്‍കാം. 15 ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിയാക്കുമെന്നും ഭീഷണിയില്‍ പറഞ്ഞു. സന്ദേശം അനുസരിച്ച് 71000 രൂപ നല്‍കണമായിരുന്നു. ഇതോടെ ഡാറ്റാസ് റിക്കവറിക്കായി കമ്പ്യൂട്ടര്‍ വിദഗ്ധരെ ഹാര്‍ഡ് ഡിസ്ക് എല്പിച്ചിരിക്കുകയാണ്.





