
ചേര്‍ത്തല: സി.പി.എം.നേതാവും ജനപ്രതിനിധിയുമായിരുന്ന പിതാവിന്റെ സ്മരണയ്ക്കായി വീട്ടില്‍ നിര്‍മിച്ച സ്മാരകം ബ്രാഞ്ച് സെക്രട്ടറികൂടിയായ മകന് പൊളിച്ചുനീക്കി. സി.പി.എം. അരൂക്കുറ്റി ലോക്കല്‍ കമ്മിറ്റിക്കു കീഴിലാണ് സംഭവം.അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച വി.എ. രാജന്റെ വീട്ടില്‍ നിര്‍മിച്ച സ്മാരകം പൊളിച്ചതാണ് വിവാദമാകുന്നത്.
രാജന്റെ മകന്, സി.പി.എം. കുടപുറം ബ്രാഞ്ച് സെക്രട്ടറിയായ ഉണ്ണി രാജേഷാണ് സ്മാരകം പൊളിച്ചതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ടത്. എന്നാല്‍, വാര്‍ഷികവുമായി ബന്ധപ്പെട്ട് താത്കാലികമായി നിര്‍മിച്ചതാണ് സ്മാരകമെന്ന് മകന് വ്യക്തമാക്കി. ജീവനുള്ള കാലത്തോളം പാര്‍ട്ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുസ്മരണം നടത്താന്‍ ഇത്തരത്തില്‍ താത്കാലിക സ്മാരകം ഇനിയും വാര്‍ഷികത്തില്‍ നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം അരൂക്കുറ്റി ലോക്കല്‍ കമ്മിറ്റിയംഗം, ചെത്തുതൊഴിലാളി യൂണിയന് ചേര്‍ത്തല ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു. ചേര്‍ത്തല ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ വി.എ. രാജന് പ്രവര്‍ത്തിച്ചിരുന്നു.
നേതാവിന്റെ ഒന്നാം ചരമവാര്‍ഷികം രണ്ടുമാസം മുന്‍പാണ് നടന്നത്. അന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉള്‍പ്പടെ നിരവധിയാളുകള്‍ ഇതേ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. അതിനുശേഷമാണ് സ്മാരകം മകന് പൊളിച്ചത്. എന്നാല്‍, ഈ വിവരം രണ്ടുദിവസം മുന്‍പുമാത്രമാണ് പാര്‍ട്ടിക്കാര്‍പോലും അറിഞ്ഞത്. തുടര്‍ന്നു കൂടിയ യോഗത്തിലാണ് വിഷയം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടത്. ഇതിനെതിരേ പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്.






