കോവിഡ് ഭേദമായവര്‍ക്ക് പ്രതിരോധശേഷി ലഭിക്കാനുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുലര്‍ച്ചെയുള്ള നടത്തം, യോഗ, ച്യവനപ്രാശം കഴിക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
കോവിഡ് മുക്തി നേടിയവരില്‍ ആശുപത്രി വിട്ട ശേഷവും തളര്‍ച്ച, ശരീരവേദന, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണു മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
മറ്റു രോഗങ്ങള്‍ ഉള്ളതോ, തീവ്രരോഗസ്വഭാവം ഉണ്ടായതോ ആയ രോഗികള്‍ മറ്റുള്ളവരില്‍നിന്നും താരതമ്യേന കൂടുതല്‍ സമയമെടുത്തായിരിക്കും പൂര്‍ണരോഗമുക്തി നേടുകയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കോവിഡ് മുക്തിനേടിയവര്ക്ക്, പരിചരണം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിനായി സമഗ്ര സമീപനം ആവശ്യമാണ്. മൂന്നു തലങ്ങളിലായിട്ടാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വ്യക്തിഗത തലം
മുഖാവരണങ്ങളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മുന്‍കരുതലുകള്‍ തുടര്‍ന്നും പാലിക്കുക ആവശ്യത്തിന് ചൂടുവെള്ളം കുടിക്കുക (മറിച്ച് നിര്‍ദേശം ഇല്ലെങ്കില്‍) പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള ആയുഷ് മരുന്നുകള്‍ ഉപയോഗിക്കുക. എന്നാല്‍ ആയുഷ് ചികിത്സാരീതികളില്‍ വൈദഗ്ധ്യം നേടിയവരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത് കഴിക്കാവൂ.
ആരോഗ്യം അനുവദിക്കുന്ന പക്ഷം വീട്ടുജോലികള്‍ ചെയ്യാം. എന്നാല്‍, ഔദ്യോഗിക ജോലികള്‍ ഘട്ടംഘട്ടമായി മാത്രമേ പുനരാരംഭിക്കാവൂ.
താരതമ്യേന ലളിതമായ വ്യായാമമുറകള്‍ അഭ്യസിക്കാം.
ആരോഗ്യം അനുവദിച്ചാല്‍ വിദഗ്ധ നിര്‍ദേശപ്രകാരം യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം തുടങ്ങിയവ ദിവസേന പരിശീലിക്കാം.
ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം ശ്വസന വ്യായാമമുറകള്‍ അഭ്യസിക്കാം
ശാരീരിക അവസ്ഥകള്‍ക്കനുസരിച്ച് പ്രഭാതത്തിലോ സായാഹ്നത്തിലോ വ്യായാമത്തിനായി നടക്കാം.
പോഷക സമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണക്രമം. വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണ വസ്തുക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം
ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക
മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക
കോവിഡ്, മറ്റു രോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ കൃത്യമായി കഴിക്കുക. രോഗി കഴിക്കുന്ന എല്ലാത്തരം മരുന്നുകളും അലോപ്പതി/ ആയുഷ് ഡോക്ടറെ അറിയിക്കേണ്ടതാണ്.
വീട്ടിലിരുന്നുകൊണ്ട് സ്വന്തം ആരോഗ്യം പരിശോധിക്കുക - ശരീരതാപനില, രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് (പ്രമേഹരോഗികള്‍ എങ്കില്‍ പ്രത്യേകിച്ചും) എന്നിവ കര്‍ശനമായി നിരീക്ഷിക്കുക
വരണ്ട ചുമ, തൊണ്ടവേദന എന്നിവ തുടരുന്നുവെങ്കില്‍ ഉപ്പുവെള്ളം കവിള് കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യണം. പച്ചമരുന്നുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഇവയോടൊപ്പം ഉപയോഗിക്കാം. ചുമയ്ക്കുള്ള മരുന്നുകള്‍ ഡോക്ടര്‍മാരുടെയോ ആയുഷ് ചികിത്സാരീതികളില്‍ വൈദഗ്ധ്യം നേടിയവരുടെയോ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂ.
ഉയര്‍ന്ന താപനിലയിലുള്ള പനി, ശ്വാസതടസം, നെഞ്ചുവേദന, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക
സാമൂഹിക തലത്തില്‍
രോഗമുക്തി നേടിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, എന്നിവരുമായി സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴി പങ്കുവയ്ക്കുക. രോഗം സംബന്ധിച്ച ആശങ്കകളും അബദ്ധധാരണകളും നീക്കാനും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും.
ജോലിപരമോ ജീവിതമാര്‍ഗ സംബന്ധിയോ ആയ സഹായങ്ങള്‍ക്കായി സ്വയം സഹായ സംഘങ്ങള്‍, സാമൂഹിക സംഘടനകള്‍, വൈദഗ്ധ്യം നേടിയ ആളുകള്‍ എന്നിവരുടെ സഹായം തേടുക.
സമപ്രായക്കാര്‍, സാമൂഹിക ആരോഗ്യ ജീവനക്കാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരില്‍നിന്നു മനഃശാസ്ത്ര-സാമൂഹികപരമായ പിന്തുണ ഉറപ്പാക്കാം. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ പിന്തുണയും തേടാം.
യോഗ, ധ്യാനം തുടങ്ങിയ സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തികളില്‍ കൂടുതല്‍ പങ്കെടുക്കുക. എന്നാല്‍, സാമൂഹിക അകലം അടക്കമുള്ളവ കൃത്യമായി പാലിക്കുക.
തുടര്‍ചികിത്സ ശ്രദ്ധിക്കുക
ആശുപത്രി വിട്ടതിനുശേഷം ഒരാഴ്ചക്കുള്ളില്‍ തന്നെ നേരിട്ടോ ടെലിഫോണിലൂടെയോ ആദ്യ തുടര്സന്ദര്ശനം ഉറപ്പാക്കണം. ഇതു ചികിത്സ നടത്തിയ ആശുപത്രിയില്‍ തന്നെ ആകുന്നത് കൂടുതല്‍ അഭികാമ്യം
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രോഗികളില്‍ രോഗലക്ഷണങ്ങള്‍ തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുക.






