
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നതു സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുമാസത്തേക്കുകൂടി തുടരും. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ പിടിച്ച ശമ്പളം അടുത്ത ഏപ്രില്‍ ഒന്നിനു പി.എഫില്‍ ലയിപ്പിക്കും. പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9% വാര്‍ഷികപലിശയും തുടര്‍ന്ന് പി.എഫ്. നിരക്കിലുള്ള പലിശയും നല്‍കും. പി.എഫില്‍ ലയിപ്പിക്കുമെന്ന വ്യവസ്ഥയില്‍ ലീവ് സറണ്ടര്‍ ആനുകൂല്യം ഈമാസം പുനഃസ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
'കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം' എന്ന പേരിലാകും ശമ്പളം മാറ്റിവയ്ക്കല്‍ പദ്ധതി അറിയപ്പെടുക. പണമായി തിരിച്ചുനല്കിയാല് 2500 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നതിനാലാണു പിടിച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കുന്നത്. ഇങ്ങനെ ലയിപ്പിച്ച തുകയും ലീവ് സറണ്ടറും അടുത്ത ജൂണ്‍ ഒന്നിനുശേഷം പിന്‍വലിക്കാം. പി.എഫ്. ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത ജൂണ്‍ ഒന്നിനുശേഷം ഓരോ മാസത്തെയും തുക തുല്യതവണകളായി തിരിച്ചുനല്‍കും. 20 വര്‍ഷം ശൂന്യവേതന അവധിയെന്നത് അഞ്ചുവര്‍ഷമായി ചുരുക്കും. അഞ്ചുവര്‍ഷത്തിനുശേഷം ജോലിക്കു ഹാജരാകാതിരുന്നാല്‍ രാജിയായി പരിഗണിക്കും.
നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇതു ബാധകമല്ല. ഇപ്പോള്‍ പരിഗണനയിലുള്ള, അഞ്ചുവര്‍ഷത്തിനുശേഷമുള്ള അവധി അപേക്ഷകളില്‍ കരാര്‍വ്യവസ്ഥകളും പരിഗണിച്ചാകും ഉത്തരവ്. ഉദ്യോഗസ്ഥന് 90 ദിവസം അവധിയെടുത്താല്‍, സ്ഥാനക്കയറ്റം നല്കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കും. പകരം, അധികച്ചുമതല നല്കി ക്രമീകരണമുണ്ടാക്കും. സാമ്പത്തികസ്ഥിതി വിലയിരുത്താന്‍ നിയോഗിച്ച രണ്ട് വിദഗ്ധസമിതികളുടെ ശിപാര്‍ശകള്‍ പരിഗണിച്ചാണു മന്ത്രിസഭാ തീരുമാനങ്ങള്‍. ഇവ നടപ്പാക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃതസംഘടനകളുമായി ചര്‍ച്ചചെയ്ത്, ഭേദഗതികള്‍ പരിഗണിക്കും.
മറ്റു പ്രധാന തീരുമാനങ്ങള്‍
* സ്കൂള്‍ അധ്യാപകതസ്തിക സൃഷ്ടിക്കാനുള്ള അന്തിമാധികാരം സര്‍ക്കാരിന്.
* ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ അധിക അധ്യാപകതസ്തികയെന്ന വ്യവസ്ഥ ഒഴിവാക്കും.
* എയ്ഡഡ് സ്കൂളുകളിലെ പുതിയ തസ്തികകളില്‍ സംരക്ഷിത അധ്യാപകര്‍ക്കു മുന്‍ഗണന.
* അധ്യാപനസമയം ആഴ്ചയില്‍ കുറഞ്ഞത് 16 മണിക്കൂര്‍ എന്ന മാനദണ്ഡപ്രകാരമാകും കോളജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുക. 2020 ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യം.
* 2020 മേയ് 31 വരെ നിയമപ്രകാരം സെലക്ഷന് കമ്മിറ്റി അംഗീകരിച്ച നിയമനങ്ങളും പി.എസ്.സി. നിയമനശിപാര്‍ശ നല്കിയ തസ്തികകളും അംഗീകരിക്കും
* പ്രവര്‍ത്തനം അവസാനിപ്പിച്ച കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ തുടരുന്ന ജീവനക്കാരെ പുനര്‍വിന്യസിക്കും.
* ഇ-ഓഫീസ് സോഫ്റ്റ്വേറും കമ്പ്യൂട്ടര്‍ സൗകര്യങ്ങളുമുള്ള ഓഫീസുകളിലെ െടെപ്പിസ്റ്റുകളെ മറ്റു തസ്തികകളില്‍ പുനര്‍വിന്യസിക്കും.
* ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ തദ്ദേശസ്ഥാപനങ്ങളിലേക്കു മാറ്റും.
* പൊതുമരാമത്ത്, ജലവിഭവവകുപ്പുകള്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സാങ്കേതികവകുപ്പുകളിലും സ്ഥാപനങ്ങളിലും അധികമുള്ള െടെപ്പിസ്റ്റ്/ക്ലറിക്കല്‍ ജീവനക്കാരെ ഒരുമാസത്തിനുള്ളില്‍ പുനര്‍വിന്യസിക്കും.
* ക്ഷേമനിധികള്‍, കമ്മിഷനുകള്‍, അതോറിറ്റികള്‍, സൊെസെറ്റികളായി രൂപീകരിച്ച സ്ഥാപനങ്ങള്‍ തുടങ്ങിയവ ഒറ്റഭരണസംവിധാനങ്ങളാക്കും.
* ജുഡീഷ്യല്‍ കമ്മിഷനുകളുടെ പ്രവര്‍ത്തനത്തിന് ഏകോപിത ഓഫീസ് സംവിധാനം.
* സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വന്തമായുള്ളതും വാടകയ്ക്കെടുക്കുന്നതുമായ വാഹനങ്ങളുടെ വിവരം ക്രോഡീകരിക്കും. അതിന്റെ അടിസ്ഥാനത്തിലേ പുതിയ വാഹനങ്ങള്‍ വാങ്ങൂ.
* സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഈ സാമ്പത്തികവര്‍ഷം ശേഷിക്കുന്ന മാസങ്ങളിലെ പദ്ധതി, പദ്ധതിയേതരച്ചെലവുകള് ചുരുക്കും
* ഒരുവര്‍ഷത്തേക്കു സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കാനും ഫര്‍ണിച്ചര്‍/വാഹനങ്ങള്‍ വാങ്ങാനും അനുവദിക്കില്ല
* ഔദ്യോഗികചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്‍പ്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ഓണ്‍െലെനായി മാത്രം
* ഔദ്യോഗിക യാത്രാച്ചെലവുകള്‍ സമര്‍പ്പിക്കാനും അനുവദിക്കാനും ഏകീകൃത ഓണ്‍െലെന്‍ സംവിധാനം.
* സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പുനരുപയോഗിക്കാന്‍ കഴിയാത്ത സാധനങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ ഇ-ലേലം ചെയ്യും.
* സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഉപയോഗിക്കാത്ത സ്ഥലം തിട്ടപ്പെടുത്തും. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ അവിടേക്കു മാറ്റും
* സര്‍ക്കാര്‍ഭൂമിയുടെ പാട്ടത്തുക പിരിച്ചെടുക്കാന്‍ ദൗത്യസേന.
* പൊതുമേഖലാസ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപയോഗിക്കാത്ത ഭൂമി തിരിച്ചുപിടിക്കും.
* ചെലവുചുരുക്കല്‍ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥന്.
* വകുപ്പുകളുടെയും തദ്ദേശവകുപ്പിന്റെ പ്രവൃത്തികളുടെയും വിതരണക്കാരുടെയും ബില്ലുകള്‍ നവംബര്‍ ഒന്നുമുതല്‍ ബില്‍ ഡിസ്കൗണ്ടിങ് സംവിധാനത്തിലേക്ക്.
* അധികവായ്പയ്ക്കുള്ള നിബന്ധനകള്‍ ഉടന്‍ പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കും.






