
നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചവരാണ് റഹ്മാനും രോഹിണിയും. റഹ്മാന്റെ ഭാഗ്യനായിക കൂടിയായിരുന്നു തൊണ്ണൂറുകളില്‍ രോഹിണി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കൊണ്ട് തന്നെ നിരവധി ഗോസിപ്പുകളും അന്നത്തെ കാലത്ത് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകും എന്നൊക്കെയായിരുന്നു പ്രചരണങ്ങള്‍. ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറഞ്ഞ രോഹിണിയുടെ അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രോഹിണിയുടെ ഈ തുറന്നു പറച്ചില്.
''ഞാനും റഹ്മാനും തമ്മില്‍ നല്ല സൗഹൃദം മാത്രമായിരുന്നു. മാധ്യമങ്ങളായിരുന്നു വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍. പത്രപ്രവര്‍ത്തകരൊക്കെ ഷൂട്ടിംഗ് സ്ഥലത്ത് വരുമ്പോള്‍ എന്റെ അച്ഛന് പറയും നീ ആ സമയത്തു റഹ്മാനോട് സംസാരിക്കേണ്ട എന്ന്. ഞങ്ങള്‍ക്കൊന്നും ഒളിക്കാനില്ല പിന്നെന്താ പ്രശ്നമെന്ന് ഞാന്‍ അച്ഛനോട് ചോദിക്കും. അങ്ങനെ ഗോസിപ്പുകളൊക്കെ വരുന്നത് നിനക്ക് നല്ലതല്ലെന്നാണ് അച്ഛന് പറയാറ്. ആളുകള്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്ന മനോഭാവമായിരുന്നു ഞങ്ങള്‍ക്ക്.
പലപ്പോഴും മറ്റുള്ളവരെ ഞങ്ങള്‍ പറ്റിച്ചിട്ടുണ്ട്. അവന് എപ്പോഴും വിശപ്പാണ്. വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രായമല്ലേ. അതോണ്ട് അവന് പലപ്പോഴും എന്റെ മുറിയില്‍ വരും. അവിടെ ഞാന്‍ കേക്ക് ഒക്കെ വാങ്ങി വയ്ക്കും. അത് തിരഞ്ഞിട്ടാണ് അവന് വരുന്നത്. എന്തെങ്കിലും കഴിക്കാന്‍ ഉണ്ടോന്നു നോക്കാന്‍. അത് കാണുമ്പോള്‍ ആള്ക്കാര് പറയാന്‍ തുടങ്ങും ഓ അതാ അവന് അവരുടെ റൂമില്‍ പോകുന്നു എന്നൊക്കെ. അതുകേട്ടു ഞങ്ങള്‍ ചിരിക്കുമായിരുന്നു ഞങ്ങള്‍ക്ക് അത് തമാശയായിരുന്നു. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാന്‍ ഞാന്‍ പഠിച്ചു.'' രോഹിണി പറയുന്നു.






