
ന്യൂഡല്‍ഹി: പുതിയ യുദ്ധവിമാനങ്ങളിലേക്ക് രാജ്യം മാറുമ്പോള്‍ അത് പറപ്പിക്കാനുള്ളവരുടെ കൂട്ടത്തില്‍ ചരിത്രം കുറിക്കാനൊരുങ്ങി വാരണാസിക്കാരി ശിവാംഗി സിംഗും. പുതിയതായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരിക്കുന്ന റഫാല്‍ യുദ്ധവിമാനം പറപ്പിക്കാനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ വനിതയായിട്ടാണ് ശിവാംഗി മാറിയിരിക്കുന്നത്. 4.5 തലമുറയില്‍ പെടുന്ന റഫാല്‍ പറത്താനാവശ്യമായ പരിശീലനം അംബാലയില്‍ പൂര്‍ത്തിയാക്കിയ അവര്‍ വ്യോമസേനയില്‍ റഫാല്‍ പറത്താന്‍ പരിശീലനം സിദ്ധിച്ചിട്ടുള്ള 17 'ഗോള്‍ഡന്‍ ആരോസ്' ടീമിന്റെ ഭാഗമായി ഉടന്‍ മാറും.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാഭ്യാസം നേടിയ സിംഗ് 2017 ല്‍ തുടങ്ങിയ യുദ്ധവിമാന വനിതാ പൈലറ്റ് വിഭാഗത്തിലെ രണ്ടാം ബാച്ചുകാരിയാണ്. നിലവില്‍ വ്യോമസേനയില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന 10 യുദ്ധവിമാന വനിതാപൈലറ്റുമാരില് റഫാല്‍ പറത്താന്‍ നിയോഗിതയാകുന്ന ആദ്യയാളാണ് സിംഗ്. സൂപ്പര്‍സോണിക്ക് ജെറ്റുകള്‍ പറത്താന്‍ ആവശ്യമായ ഏറ്റവും ദുഷ്ക്കരമായ ഈ പരിശീലനത്തിനായി ഒരു പൈലറ്റിന് ചെലവ് 15 കോടിയോളം രൂപയാണ്.
മിഗ് -21 ബൈസണ്‍ പറത്തിയുള്ള പരിചയത്തിന് ശേഷമാണ് സിംഗ് റഫാലിലേക്ക് എത്തുന്നത്. നേരത്തേ ശിവാംഗിസിംഗ് രാജസ്ഥാനിലായിരുന്നു. കഴിഞ്ഞ വര്‍ഷം ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളില്‍ പാകിസ്താന്റെ മിഗ് 21 വിമാനം വെടിവെച്ചിട്ട് ഏതാനും ദിവസങ്ങള്‍ പാകിസ്താന് പിടിയിലായ പ്രശസ്തനായ വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനൊപ്പം ആയിരുന്നു ശിവാംഗി സിംഗ് അവിടെ വിമാനം പറത്തിയത്. 2016 ജൂണില്‍ ഫ്ളൈറ്റ് ലഫ്നന്റ്മാരായിരുന്നു ആവണി ചതുര്‍വേദി, ഭാവനാ കാന്ത്, മോഹനാ സിംഗ് എന്നിവരായിരുന്നു യുദ്ധവിമാനം പറത്താനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ വനിതകള്‍.






