
മലപ്പുറം: ചികിത്സിക്കാന്‍ തയാറാകാതെ മൂന്നു ആശുപത്രികള്‍ കൈയൊഴിയുകയും അവസാനം 14 മണിക്കൂര്‍ അലഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്ത പൂര്‍ണ ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പ്രസവത്തോടെ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശേരി സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍.സി. ഷെരീഫിന്റെ ഭാര്യ സഹ്ല തസ്നീമിന്റെ ഇരട്ടക്കുഞ്ഞുങ്ങളാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു വയറുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയത്. എന്നാല്‍ അധികൃതരുടെ അനാസ്ഥമൂലം ഇരുപതുകാരിയായ ഭാര്യയുമായി മണിക്കൂറുകള്‍ അലഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും സൗകര്യം ലഭ്യമായില്ല. പ്രസവ ചികിത്സയ്ക്ക് കോവിഡ് പി.സി.ആര്. ഫലം തന്നെ വേണമെന്നും കോവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും സ്വകാര്യആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് ഷരീഫ് പറഞ്ഞു.
പിന്നീട് പി.സി.ആര്. ടെസ്റ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ച് ഇവര്‍ക്ക് അലയേണ്ടി വന്നു. ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെന്നത് ആശങ്കവര്‍ധിക്കാന്‍ കാരണമായിരുന്നു. യുവതി നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നീട് രോഗം ഭേദമാവുകയും ചെയ്തിരുന്നു.
കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞെങ്കിലും പിന്നീട് പാതിവഴി എത്തിയപ്പോള്‍ തിരിച്ചുവിളിച്ച് കോവിഡ് പി.സി.ആര്. ഫലം വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം പോരെന്നും ഇവര്‍ നിര്‍ബന്ധം പിടിച്ചു. പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പി.സി.ആര്. പരിശോധനാഫലം വരാന്‍ സമയമെടുക്കുമെന്നു പറഞ്ഞതിനാല്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി.
നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് യുവതിയെ സ്കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയയായിരുന്നു. ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്. എന്നാല്‍ താനും ഭാര്യയും മാനസികമായി തകര്‍ന്ന ഈസമയം ഒരിക്കലും മറക്കാനാകില്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ഷരീഫ് പറഞ്ഞു. ഓട്ടപ്പാച്ചിലിനിടയില്‍ ഏറെ വൈകി മലപ്പുറം ഡി.എം.ഒയെ ഫോണില്‍വിളിച്ച് വിഷയം അവതരിപ്പിച്ചിരുന്നു.
തുടര്‍ന്ന് ഇന്നലെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുകയും മെഡിക്കല്‍ കോളജില്വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഡി.എം.ഒയെ അവസാനം വിളിക്കാനായതും ഇടപെടല്‍ നടത്താനും മാധ്യമ പ്രവര്ത്തകന് ആയതിനാലാും അവരെ ഫോണ്‍ നമ്പര്‍ കയ്യിലുണ്ടായതിനാലുമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും അറിയാത്ത നിരവധിപേര്‍ ഇത്തരം അവസ്ഥയില്‍ എന്തുചെയ്യുമെന്നും ഷരീഫ് ചോദിക്കുന്നു. ഇതിനാല്‍ തന്നെ ഇത് ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും താന്‍ പരാതി നല്‍കുമെന്നും ഷരീഫ് പറഞ്ഞു






