
ചെന്നൈ: മരണം ഒരു പക്ഷേ മുന്‍കൂട്ടി അദ്ദേഹം കണ്ടിരിക്കാം, അതായിരുന്നോ അങ്ങനെ ഒരു പ്രതിമ നിര്‍മിക്കാന്‍ അദ്ദേഹത്തിന് തോന്നിയത്.. അന്തരിച്ച പ്രിയ ഗായകന് എസ്പിബി സവന്തം പ്രതിമ നിര്‍മിക്കാന്‍ ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരിയിലെ ശില്പി രാജ് കുമാറിനോട് പറഞ്ഞിരുന്നു. എന്നാല്‍, പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കാത്തുനില്ക്കാന് അദ്ദേഹത്തിനായില്ല, അതിനു മുന്‍പേ അദ്ദേഹം വിടപറഞ്ഞു.
നെല്ലൂരിലെ കുടുംബ വീട് എസ്പിബി കാഞ്ചി മഠത്തിനു കൈമാറിയിരുന്നു. ഇവിടെ സ്ഥാപിക്കാന്‍ അച്ഛന്റെയും അമ്മയുടെയും പ്രതിമ നിര്‍മിക്കാനാണ് ആദ്യം അദ്ദേഹം തീരുമാനിച്ചത്. ആദ്യം രാജ്കുമാറിനോട് ആവശ്യപ്പെട്ടതും അതായിരുന്നു. ഓഗസ്റ്റില്‍ കുടുംബ വീട് കൈമാറുന്നതിനൊപ്പം പ്രതിമ അനാവരണവും നടത്താനായിരുന്നു പദ്ധതി. പിന്നീട്, മാതാപിതാക്കള്‍ക്കൊപ്പം തന്റെ പ്രതിമ കൂടി നിര്‍മിക്കാന്‍ എസ്പിബി രാജ് കുമാറിനോട് ആവശ്യപ്പെട്ടു.
പ്രതിമ നിര്‍മാണം പൂര്‍ത്തിയാക്കിയ ഉടന്‍ ചെന്നൈയിലെത്തി കൈമാറണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, അതിനിടയിലാണ് കോവിഡ് ബാധിച്ച് എസ്പിബി ആശുപത്രിയിലായത്. നെല്ലൂരിലെ കുടുംബ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം എസ്പിബി പ്രതിമയും അനാവരണം ചെയ്യുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണിപ്പോള്‍ ശില്‍പ്പി രാജ്കുമാര്






