
കായംകുളം: വിശുദ്ധ ഖുറാന്റെ ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തുപ്രതി തയാറാക്കിയിരിക്കുകയാണ് കായംകുളത്തെ ഒരു കുടുംബം. തയ്യല്‍ത്തൊഴിലാളിയായ തീര്ത്ഥംപൊഴിച്ചാലുംമൂടിനു സമീപം തട്ടുപുരയ്ക്കല്‍ എം.കെ. നൗഷാദിന്റെ നാലു മക്കളുടെ ലോക്ക്ഡൗണ്‍ കാലത്തെ പ്രയത്നത്തിലാണ് അപൂര്‍വ സൃഷ്ടിയുടെ പിറവി.
1989 മുതല്‍ ഷാ ടെയ്ലേഴ്സ് എന്ന പേരില്‍ തയ്യല്‍ക്കട നടത്തുന്ന നൗഷാദിന്റെ ദീര്‍ഘനാളായുള്ള ആഗ്രഹമാണു മക്കള്‍ സാക്ഷാത്കരിച്ചത്. കൊച്ചി പള്ളുരുത്തി മസ്ജിദ് തര്ബിയായിലെ ഖാദിര്‍ഷാ മൗലവി, കായംകുളം കിറ്റ് സ്കൂള്‍ അധ്യാപകനായ മുഹമ്മദ്ഷാഫി മൗലവി, ഖുര്‍-ആന്‍ മനംപാഠമാക്കിയ ശേഷം അക്യൂപങ്ചര്‍ ചികിത്സ പഠിക്കുന്ന ഹൈദ്രോസ്ഷാ, ഖുറാനില്‍ ഉപരിപഠനം നടത്തുന്ന ഷഫീക്ക് എന്നിവര്‍ ചേര്‍ന്നാണ് കൈയെഴുത്തുപ്രതി തയാറാക്കിയത്.
ഒന്നര ഇഞ്ച് വീതിയുള്ള ഷര്‍ട്ട് കോളര്‍ ക്യാന്‍വാസാക്കി പെര്‍മനന്റ് മാര്‍ക്കര്‍ ഉപയോഗിച്ചായിരുന്നു രചന. ജൂണ്‍ എട്ടു മുതല്‍ ജൂലൈ 26 വരെയുള്ള കാലയളവില്‍ 111 മണിക്കൂറെടുത്താണ് 3.1 കിലോമീറ്റര്‍ വരുന്ന കൈയെഴുത്തുപ്രതി പൂര്‍ത്തിയാക്കിയത്. സൈക്കിള്‍ ചക്രത്തിന്റെ ആകൃതിയില്‍ ഇരുമ്പുചട്ടത്തിലാണ് തയാറാക്കിയിരിക്കുന്നത്. പ്രത്യേകം തയാറാക്കിയ പെട്ടിക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. പെട്ടിയുടെ പുറത്തുള്ള ലിവര്‍ ഉപയോഗിച്ച് നിവര്‍ത്തിയാല്‍ വായിക്കാന്‍ കഴിയും.
20,000 രൂപയാണു ചെലവ് 2002-ല്‍ 54 രാജ്യങ്ങളുടെ പതാക ആലേഖനം ചെയ്ത 10 അടി നീളമുള്ള ഷര്‍ട്ട് നിര്‍മിച്ചും രാജ്യം സ്വാതന്ത്ര്യം നേടി 20454 ദിവസം പൂര്‍ത്തിയായപ്പോള്‍ അത്രയും ബട്ടന്‍സ് ഉപയോഗിച്ച് ദേശീയ പതാക നിര്‍മിച്ചും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമില്‍നിന്ന് ആദരം ഏറ്റുവാങ്ങിയയാളാണ് നൗഷാദ്. തങ്ങളുടെ പ്രയത്നം ഗിന്നസ് ലോകറെക്കോഡ് പുസ്തകത്തില്‍ ഇടംനേടുമെന്ന പ്രതീക്ഷയില്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണു നൗഷാദിന്റെ നാലുമക്കളും.






