
അറക്കുളം: ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അറക്കുളം അശോക കവലയില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന ആസ്കോ ബാങ്ക് മലയോര കര്‍ഷകര്‍ക്ക് താങ്ങും തണലുമാകുന്നു. കോവിഡ് പ്രതിസന്ധിയിലും ലാഭേച്ഛ നോക്കാതെ അംഗങ്ങളുടെ ഉന്നമനം മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ചെയര്മാന് ടോമി വാളികുളത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നത്. ലോക്ക് ഡൗണ്‍ വേളയില്‍ അംഗങ്ങള്‍ക്ക് മൂന്നു മാസക്കാലയളവില്‍ പലിശരഹിത വായ്പ, സ്വര്‍ണ പണയത്തില്‍ പലിശ ഇളവ്, ഓണ്‍ലൈന്‍ പഠനത്തിനായി നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍, അറക്കുളം സര്‍ക്കാര്‍ ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്ക് സൗജന്യ ഭക്ഷണം തുടങ്ങി എണ്ണമറ്റ സേവനങ്ങളാണ് ബാങ്ക് ചെയ്തു വരുന്നത്.
കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കി കഴിഞ്ഞു. ബാങ്കിന് സ്വന്തമായുള്ള ആംബുലന്‍സ് ഒട്ടേറെ നിര്‍ധന രോഗികള്‍ക്കാണ് ആശ്വാസമായിട്ടുള്ളത്. വിദഗ്ധ ചികിത്സ ആവശ്യമുള്ള നിര്‍ധന രോഗികളെ തുച്ഛമായ വാടക മാത്രം ഈടാക്കിയാണ് കോട്ടയം, എറണാകുളം ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ എത്തിക്കുന്നത്. 1926 ല്‍ പരസ്പര സഹായ സഹകരണ സംഘം ആയി തുടക്കമിട്ട ആസ്കോ 1961 ലാണ് സര്‍വീസ് സഹകരണ ബാങ്കായി രജിസ്റ്റര്‍ ചെയ്തത്.
1983 ല്‍ ഇടുക്കി ജില്ലയിലെ ഏക ഫാര്‍മേഴ്സ് ബാങ്കായി ഉയര്‍ത്തപ്പെട്ടു. അറക്കുളം ഗ്രാമപഞ്ചായത്ത് പരിധിയാണ് ആസ്കോയുടെ പ്രവര്‍ത്തന മേഖല. അറക്കുളം അശോക കവലയിലുള്ള ഹെഡ് ഓഫീസിനു പുറമേ കാഞ്ഞാര്‍, ഇലപ്പള്ളി, കുളമാവ് എന്നിവിടങ്ങളില്‍ ശാഖകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ അടുത്തിടെ പുത്തേട് ഒരു കളക്ഷന്‍ സെന്ററും തുറന്നു കഴിഞ്ഞു. അറക്കുളം പഞ്ചാത്തിലെ 10, 15 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കണ്ണിക്കല്‍, പുത്തേട് പ്രദേശങ്ങളിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ് കളക്ഷന്‍ സെന്റര്‍ ആശ്വാസമായിരിക്കുന്നത്. മലയോര മേഖലയായ ഇവിടുത്തെ ജനങ്ങള്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്തണമെങ്കില്‍ ആറു കിലോമീറ്റര്‍ ദൂരെ മൂലമറ്റത്തോ, എട്ടു കിലോമീറ്റര്‍ അകലെയുള്ള അറക്കുളത്തോ എത്തണം. കളക്ഷന്‍ സെന്റര്‍ ആരംഭിച്ചതു വഴി ഇതിനു പരിഹാരമായതായി ചെയര്മാന് ടോമി വാളികുളം പറയുന്നു. ഫാര്‍മേഴ്സ് ബാങ്കായി ഉയര്‍ത്തപ്പെട്ടെങ്കിലും പ്രവര്‍ത്തനം മറ്റു മേഖലകളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനായി 1986 ലാണ് ദേശീയ സഹകരണ വികസന കോര്‍പറേഷന്റെ ധനസഹായത്തോടെ ആസ്കോ സ്പൈസ് എന്ന പേരില്‍ ഗുണനിലവാരമുള്ള കറിപൗഡറുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന യൂണിറ്റ് ആരംഭിക്കുന്നത്. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ബ്രാന്‍ഡായി ആസ്കോ കറി പൗഡര്‍ മാറിക്കഴിഞ്ഞു.
സ്വയം തൊഴില്‍, ബിസിനസ് വായ്പ, വാഹന വായ്പ, ഗൃഹോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മാണം, വിദ്യാഭ്യാസ വായ്പ തുടങ്ങി ഒട്ടേറെ പദ്ധതികളും അംഗങ്ങള്‍ക്കായി നല്കി വരുന്നു. വളം, കീടനാശിനി, കാര്‍ഷികോപകരണങ്ങളുടെ സ്റ്റോര്‍, നീതി സ്റ്റോര്‍ എന്നിവ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് ബാങ്കില്‍ 10838 എ ക്ലാസ് അംഗങ്ങളും 1.93 കോടി രൂപ ഓഹരി മൂലധനവും 77.77 കോടി രൂപ നിക്ഷേപവും 65.82 കോടി രൂപ വായ്പാ ബാക്കി നില്പുമാണുള്ളത്. ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്ലാസ് -1 സഹകരണ സംഘമായ ആസ്കോ ബാങ്കിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞ ഏഴു വര്‍ഷവും തുടര്‍ച്ചയായി ലാഭവിഹിതം നല്കി വരുന്നുണ്ട്.
ആസ്കോ ബാങ്കിന്റെ നേതൃത്വത്തില്‍ രണ്ടരക്കോടി മുതല്‍ മുടക്കി 12000 സ്ക്വയര്‍ ഫീറ്റില്‍ പണിയുന്ന കല്യാണ മണ്ഡപത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. ജോഷി വി.മാത്യു എം.ഡിയായുള്ള ഭരണസമിതിയും ബാങ്കിന്റെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയുമായി പിന്നിലുണ്ടെന്നും ചെയര്മാന് ടോമി വാളികുളം പറയുന്നു.