
ജിന്ദ്: ഹരിയാനയിലെ ജിന്ദിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ പതിനൊന്നുകാരന്റെ തട്ടിപ്പ്. 20 ലക്ഷം രൂപ ബാങ്കില്‍ നിന്ന് അടിച്ചുമാറ്റി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പക്ഷേ, ഇക്കാര്യം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത് വൈകിട്ട് ബാലന്‍സ് പരിശോധിക്കുമ്പോള്‍. ജില്ലാ ഗ്രാമീണ വികസന ഏജന്‍സിയുടെ മുന്നില്‍ പ്രവര്‍ത്തിക്കുന്ന ശാഖയിലാണ് ഈ തട്ടിപ്പ് നടന്നത്.
20 ലക്ഷം രൂപയുടെ കുറവ് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടു. ഇടപാടുകള്‍ പല തവണ പരിശോധിച്ചുവെങ്കിലും അത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ രാത്രി പോലീസിന് പരാതി നല്കി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം പുറത്തുവരുന്നത്.
പ്രൊഫഷണല്‍ മോഷ്ടാക്കളെ വെല്ലുന്ന രീതിയിലായിരുന്നു മോഷണം. ബാങ്കിലുണ്ടായിരുന്ന ബാലന്, ക്യാഷര്‍ കാബിനില്‍ നിന്ന് മാറിയ സമയം നോക്കി അദ്ദേഹത്തിന്റെ കാബിനിലെത്തി നോട്ട് കെട്ടുകള്‍ തന്റെ ബാഗിലേക്ക മാറ്റി ഒന്നുമറിയാത്തപോലെ പുറത്തേക്ക് പോയി. ബാങ്കിലുള്ളവര്‍ക്ക് ഒരു സംശയവും സൃഷ്ടിക്കാതെ നിമിഷനേരം കൊണ്ട് അവന് പണം പുറത്തെത്തിച്ചു. ഈ സമയം മറ്റൊരാള്‍ കൂടി കുട്ടിയ്ക്കൊപ്പമുണ്ടായിരുന്നു. ഇരുവരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
അഞ്ച് ലക്ഷം രൂപയുടെ നാല് കെട്ടുകളാണ് ക്യാഷറുടെ കാബിനിലുണ്ടായിരുന്നതെന്ന് മാനേജര്‍ വിശ്വജിത് സിന്‍ഹ പറയുന്നു. രണ്ടു ദിവസത്തെ അവധിക്കു ശേഷം ബാങ്ക് തുറന്നതിനാല്‍ തിങ്കളാഴ്ച നല്ല തിരക്കുണ്ടായിരുന്നു. തിരക്കിനിടെ കാബിന് പൂട്ടാന്‍ ക്യാഷര്‍ മറന്നുപോയതാണെന്നും മാനേജര്‍ പറയുന്നു.
ശുചിമുറിയിലേക്ക് പോകുന്നതിന് ക്യാഷര്‍ പുറത്തിറങ്ങിയപ്പോഴാണ് മോഷണം നടന്നതെന്ന് സിവില്‍ ലൈന്‍സ് എസ്.എച്ച്ഒ ഹരി ഓം പറഞ്ഞു. ജീവനക്കാരന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഇതിനു കാരണം. മാനേജരോടും ക്യാഷറോടും സ്റ്റേഷനില്‍ ഹാജരാകാനും അന്വേഷണത്തോട് സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഫീസര്‍ പറഞ്ഞു.






