
ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി വിധിയില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ല. വിധി മറിച്ചായിരുന്നുവെങ്കില്‍ മാത്രമേ അതില്‍ അത്ഭുതപ്പെടാന്‍ കഴിയുകയുള്ളു എന്ന് ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയത്തെ സസൂക്ഷ്മം വിലയിരുത്തുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. സി.ബി.ഐ. മുന്നോട്ട് വച്ച എല്ലാ വാദങ്ങളെയും തള്ളിയാണ് നിര്‍ണായക വിധി എന്നതും ശ്രദ്ധേയമാണ്. ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ല, പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ വിധിയിലുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തത് ആകസ്മികം ആയിരുന്നുവെന്നും ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും കോടതി പറയുന്നു.
ബാബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കില്‍ 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ. കോടതി ജഡ്ജി എസ്.കെ. യാദവിന്റെ 2000 പേജുള്ള വിധി വരുന്നത്. മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കുറ്റത്തില്‍ നിന്ന് 2001-ല്‍ എല്‍.കെ. അദ്വാനി ഉള്‍പ്പടെയുള്ളവരെ അലാഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നുവെങ്കിലും ഇത് റദ്ദാക്കിയ സുപ്രീംകോടതി, കേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017-ല്‍ വിധിക്കുകയായിരുന്നു. കൂടാതെ ബാബറി മസിജ്ദ് തകര്‍ത്തത് കുറ്റമാണെന്ന് അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരാമര്‍ശിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ വിധിയോടെ അതൊക്കെ അപ്രസക്തമാവുകയാണ്. സുപ്രീംകോടതി അനുമതിയോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്. കോടതി വിധികളോടെ നാല് പതിറ്റാണ്ടുകള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ പ്രഷുബ്ധമാക്കിയ രാഷ്ട്രീയകൊടുങ്കാറ്റ് ഏറെക്കുറെ അവസാനിക്കുകയാണ് എന്ന് പറയാം.
** ഇന്ത്യയിലെ രാഷ്ട്രീയഗതികളെ മാറ്റിമറിച്ച അയോധ്യ പ്രക്ഷോഭം
1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് മാത്രം നേടിയ ബി.ജെ.പിയെ അധികാരം പിടിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാക്കി മാറ്റിയത് തൊണ്ണൂറുകളിലെ അയോധ്യാ പ്രക്ഷോഭമായിരുന്നു. 1990-ല്‍ സോമനാഥില്‍നിന്ന് അയോധ്യയിലേക്ക് അന്നത്തെ ബി.ജെ.പി. അധ്യക്ഷന്‍ അദ്വാനി നടത്തിയ രഥയാത്ര വെട്ടിമുറിച്ചത് ഉത്തരേന്ത്യയിലെ പരമ്പരാഗത ജാതി, മത വോട്ട് സമവാക്യങ്ങളായിരുന്നു. അധികാരത്തില്‍ തുടരാന്‍ വി.പി. സിങ് ഉപയോഗിച്ച മണ്ഡല് ജാതി കാര്‍ഡിന് മുകളില്‍ ഹിന്ദുത്വ അജന്‍ഡയെ സമര്‍ഥമായി പ്രതിഷ്ഠിക്കാന്‍ അന്ന് അയോധ്യ പ്രക്ഷോഭങ്ങളിലൂടെ സംഘപരിവാറിന് കഴിഞ്ഞു. 1990-കളിലെ അയോധ്യാ പ്രക്ഷോഭത്തിലൂടെ പല ലക്ഷ്യങ്ങളാണു സംഘപരിവാര്‍ മനസില്‍ കണ്ടത്. ഒന്നാമത്തേത് ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പിടിക്കുക എന്നതുതന്നെ. 1925-ല്‍ ആര്.എസ്.എസ്. രൂപം കൊണ്ടതിനുശേഷം ഹിന്ദുരാഷ്ട്രവാദവും പാകിസ്താന്‍വിരുദ്ധ വാദവുമൊക്കെ അവര്‍ ഉപയോഗിച്ചുവെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ഒരു നീണ്ട കാലഘട്ടത്തിലേക്ക് സംഘപരിവാറിന്റെ ഭാഗമായ ഹിന്ദുമഹാ സഭയെയും ജനസംഘത്തെയും പിന്നീട് ബി.ജെ.പിയെയും ഒരു ബദല്‍ അധികാര ശക്തിയായി പരിഗണിച്ചിരുന്നില്ല. ആര്.എസ്.എസിനെ പോലെ ശക്തമായ കേഡര്‍ പിന്തുണ ഇല്ലാതിരുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും സ്വാതന്ത്ര്യത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടുകളില്‍ പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നുവെങ്കിലും ബി.ജെ.പിയുടെ മുന്‍ഗാമിയായ ജനസംഘത്തിന് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുപോലും അധികാരത്തില്‍ വരാന്‍ കഴിഞ്ഞില്ല.
ലോക്സഭയിലേക്ക് നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ച പാര്‍ട്ടികള്‍ക്ക് എല്ലാംകൂടി നേടാന്‍ കഴിഞ്ഞതു പത്തു സീറ്റില്‍ താഴെയാണ്. ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ച വിഭജനത്തിനും പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപങ്ങള്‍ക്കും ശേഷവും നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ ഹിന്ദുത്വ പാര്‍ട്ടികള്‍ ദയനീയമായി പരാജയപ്പെട്ടത് അതിന്റെ പ്രയോക്താക്കളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.
** അയോധ്യ പ്രക്ഷോഭത്തില്‍ മാറ്റിമറിക്കപ്പെട്ട ജാതി സമവാക്യങ്ങള്‍
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ടായിരുന്ന അപ്രമാദിത്വവും എല്ലാത്തരം തത്പര ഗ്രൂപ്പുകളെയും കൂട്ടിനിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് രൂപീകരിച്ച മഴവില്ല് സഖ്യവും രജനി കോത്താരിയെപ്പോലെയുള്ള രാഷ്ട്രീയ ചിന്തകരുടെ അഭിപ്രായത്തില്‍ ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തിനു തടസമായിട്ടുണ്ടാകാം. എങ്കിലും യഥാര്‍ഥ കാരണം ഹിന്ദുമതത്തിലെ മതം എന്നതിനേക്കാള്‍ വൈകാരികവും യാഥാര്‍ഥ്യവുമായ ജാതി എന്ന പ്രതിഭാസമാണ്. ഇന്ത്യയിലെ ഒരു ഭൂരിപക്ഷ മതവിശ്വാസിയുടെ സ്വത്വബോധത്തിന്റെ അടിസ്ഥാനം മതത്തേക്കാള്‍ ഉപരി ജാതിയാണ് എന്ന യാഥാര്‍ഥ്യമാണു ഹിന്ദുത്വവാദികള്‍ നീണ്ടകാലം നേരിട്ട പ്രതിസന്ധി.
ജാതികളുടെയും ഉപജാതികളുടെയും മുകളിലായി ഹിന്ദുപരിവാര്‍ എന്ന ഏകശിലാബോധം അടിച്ചേല്പ്പിക്കുകയോ രൂപീകരിക്കുകയോ അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ദളിതരും ആദിവാസികളും ഉള്‍പ്പെടെ വലിയ ഒരു വിഭാഗം സ്വാതന്ത്ര്യാനന്തര കാലം ഹിന്ദുത്വയുടെ നിര്‍വചനത്തിനു പുറത്തായിരുന്നു. വരേണ്യ ഹിന്ദുബോധത്തിന്റെ മാത്രം കണ്ണിലൂടെ കണ്ടിരുന്ന ഹിന്ദുത്വവാദത്തിന്റെ ചട്ടക്കൂടിനു പുറത്തായിരുന്നു ഇന്ത്യയിലെ ബഹുഭൂരിപക്ഷം മതവിശ്വാസികളും എന്നത് സംഘപരിവാറിന് അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ തടസമായി അവശേഷിച്ചു.
ഈ കടമ്പ മറികടക്കാനുള്ള തന്ത്രപരമായ അടവായിരുന്നു അയോധ്യയെ മുന്നില്‍ നിര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍. വിഭിന്നങ്ങളായ ജാതികള്‍ക്കു മുകളില്‍ മതം എന്ന ഏകരൂപത്തെ പ്രതിഷ്ഠിക്കുക. ഹിന്ദുവിന്റെ ഐക്യബോധത്തെ ഊതിക്കത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ചരിത്രത്തെ കൂട്ടുപിടിക്കുകതന്നെയാണ് എന്ന് ഹിന്ദുത്വ ചിന്തകന്മാര്ക്ക് അറിയാമായിരുന്നു. ബാബറി മസ്ജിദിന്റെ അസ്തിവാരം ഇളക്കുക എന്നാല്‍ നൂറ്റാണ്ടുകളുടെ ചരിത്രത്തെ അപനിര്‍മിക്കലാണ്. തകര്‍ക്കപ്പെട്ടുപോയ രാമക്ഷേത്രത്തെ അധിനിവേശത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി ചിത്രീകരിച്ച് വൈകാരികമായ ഒരു സ്വത്വബോധം രൂപീകരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ സംഘപരിവാറിന്റെ പാഠശാലകളില്‍ ഉണ്ടായി.
** മന്ദിറും മസ്ജിദും: സ്വത്വബോധത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലുകള്‍
മന്ദിറും മസ്ജിദും സംഘപരിവാറിനു വലിയ പ്രതീകങ്ങളായിരുന്നു. മസ്ജിദ് എന്നതു അധിനിവേശങ്ങളില്‍ തമസ്കരിക്കപ്പെട്ടുപോയ ഹിന്ദുബോധ ചരിത്രത്തിന്റെ പ്രതീകവുമാണെങ്കില് മന്ദിര്‍ എന്നത് ഹിന്ദുവിന്റെ ആത്മാഭിമാനത്തിന്റെയും വര്‍ഗബോധത്തിന്റെയും തമസ്കരിക്കപ്പെട്ടുപോയ ചരിത്രത്തോടുള്ള പ്രതിഷേധത്തിന്റെയും കലഹത്തിന്റെയും പ്രതീകമായിരുന്നു. ഈ പ്രതീകങ്ങളെ 1980 -കളുടെ അവസാനം മുതല്‍ സംഘപരിവാര്‍ വളരെ കൃത്യമായും വിജയകരമായും മാര്‍ക്കറ്റ് ചെയ്തു.
ബാബ്റി മസ്ജിദിനെ മുന്നില്‍നിര്‍ത്തി 1980-കളില്‍ ജാതികള്‍ക്കു മുകളില്‍ മതത്തെ പ്രതിഷ്ഠിക്കുക എന്ന അജന്‍ഡയിലൂന്നി സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ക്കു മറ്റൊരു കാരണം ഇതേ കാലത്തുതന്നെ ഇന്ത്യയില്‍ ശക്തിപ്പെട്ട ദളിത് മുന്നേറ്റങ്ങളായിരുന്നു. അംബേദ്കര്‍ ദര്‍ശനങ്ങളെ മുന്നില്‍നിര്‍ത്തി ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ദളിത് പ്രസ്ഥാനങ്ങള്‍ ഈ കാലയളവില്‍ ഉയര്‍ന്നുവന്നു. ഈ ദളിത് പ്രസ്ഥാനങ്ങളുടെ ചിന്താധാരകളില്‍ പ്രധാനപ്പെട്ടതു ബ്രാഹ്മണവിരുദ്ധ - ഹിന്ദുത്വവിരുദ്ധ നിലപാടുകളായിരുന്നു.
മനുസ്മൃതി പരസ്യമായി കത്തിക്കാന്‍ ധൈര്യപ്പെട്ട അംബേദ്കറുടെ അനുയായികള്‍ ഹിന്ദുത്വയ്ക്കെതിരേ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ തകര്‍ക്കുക എന്ന അജന്‍ഡയും രാമജന്മഭൂമി പ്രക്ഷോഭങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഹിന്ദുത്വയുടെ സംവരണ വിരുദ്ധ, ദളിത് വിരുദ്ധ മുഖംമൂടി മൂടിവയ്ക്കുന്നതിനും മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടിലൂടെ ജാതി എന്ന യാഥാര്‍ഥ്യത്തെ ഉയര്‍ത്തിക്കൊണ്ടു വന്നു ഹിന്ദു ഐക്യത്തെ തകര്‍ക്കുന്നതിനു നടന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനും അയോധ്യയിലൂന്നിയ തീവ്രമായ പ്രക്ഷോഭം ആവശ്യമാണെന്നു സംഘപരിവാറിനു തോന്നി.
** ലക്ഷ്യം നേടിയ സംഘപരിവാര്‍
1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം കാല് നൂറ്റാണ്ടു പിന്നിടുമ്പോള്‍ സംഘപരിവാര്‍ അവരുടെ ലക്ഷ്യങ്ങളില്‍ കുറെയൊക്കെ നേടി എന്നുതന്നെ പറയാം. അയോധ്യ പ്രക്ഷോഭത്തിനു മുന്‍പ് ലോക്സഭയില്‍ രണ്ടക്കത്തില്‍ ഒതുങ്ങിനിന്ന ബി.ജെ.പി. ഇന്നു സ്വന്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നു. രാജ്യസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയുമായി മാറിയിരിക്കുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ സുപ്രധാനമായ ഭരണഘടനാ പദവികളില്‍ സംഘപരിവാറുകാരാണ് എന്ന അഭിമാനബോധം സൂക്ഷിക്കുന്നവര്‍ കടന്നുവന്നിരിക്കുന്നു. ജാതീയതകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ഹിന്ദുത്വ എല്ലാ സാമൂഹിക, സാമ്പത്തിക വിഭാഗങ്ങളിലേക്കും കടന്നുകയറുന്ന പ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു. അയോധ്യ മാറ്റിമറിച്ച ഇന്ത്യയുടെ രാഷ്ട്രീയം പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയുടെ രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും കൃത്യമായി തന്നെ അടയാളപ്പെടുത്താന്‍ കഴിയുന്ന ഒന്നായിരിക്കും എന്ന് നിസ്സംശയം പറയാം.
പ്രഫ റോണി കെ. ബേബി
(കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ് ലേഖകന്‍)





