
പത്തനംതിട്ട: നിക്ഷേപകരെ വഞ്ചിച്ച് കോടികള്‍ തട്ടിയെന്ന വിവാദത്തിലായ പോപ്പുലര്‍ ഫിനാന്‍സില്‍ തട്ടിപ്പ്് തുടങ്ങിയത് ഓസ്ട്രേലിയയില്‍ നിന്നും കമ്പ്യൂട്ടര്‍ ഇറക്കുമതി ചെയ്തത് മുതലെന്ന് ആരോപിച്ച് ജീവനക്കാര്‍. മാസങ്ങള്‍ എടുത്ത് കൃത്യമായ പ്ലാനിംഗോടെ നടപ്പാക്കിയത് വന്‍ തട്ടിപ്പായിരുന്നെന്നും കുടുംബത്തിലെ അഞ്ചു പേരും ചേര്‍ന്ന് പല സമയങ്ങളില്‍ അനേകരെയാണ് വഞ്ചിച്ചതെന്നുമാണ് ജീവനക്കാരുടെ വാദം. കൃത്യമായ ആസൂത്രണത്തോടെയാണ് എല്ലാം നടത്തിയതെന്നും ഇവര്‍ പറയുന്നു.
ചില ജീവനക്കാര്‍ക്ക് പോലും തട്ടിപ്പിനെ കുറിച്ച് വിവരം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. മാസം തോറും ജീവനക്കാര്‍ സമാഹരിക്കേണ്ട നിക്ഷേപതുക വര്‍ദ്ധിപ്പിച്ചത് തട്ടിപ്പിന് വേണ്ടിയായിരുന്നെന്നും വാകയാര്‍ ശാഖയിലെ മാനേജരുടെ വെളിപ്പെടുത്തലുകളും പുറത്തു വന്നിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണ്ണായകമായി മാറും. നേരത്തേ ധനകാര്യ സ്ഥാപന ഉടമകളുടെ പുതിയ ബെന്‍സ് കാര്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍ ഉടമകള്‍ക്ക് 1760 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് കഴിഞ്ഞയാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. വകയാറിലെ ഹെഡ് ഓഫീസില്‍ നിന്നും ഡയറക്ടര്‍മാരില്‍ ഒരാളായ റീനു മറിയം തോമസ് ഡോക്യൂമെന്റുകള്‍ എടുത്തുകൊണ്ടു പോകാന്‍ ശ്രമം നടത്തിയതായും പോലീസ് കണ്ടെത്തി. പോപ്പുലര്‍ മേരിറാണി നിധിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പണ കൈമാറ്റത്തിന്റെ രേഖകളായിരുന്നു മാറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ ജീവനക്കാര്‍ ഈ നീക്കം പരാജയപ്പെടുത്തി.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 11 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. കോന്നിയില്‍ മാത്രം 3000 നിക്ഷേപകരാണ് പരാതി നല്‍കിയിട്ടുള്ളത്. നിക്ഷേപകരില്‍ നിന്നും 2000 കോടിയാണ് വാങ്ങിയ സ്ഥാപനത്തിന്റെ കൈവശം 125 കോടിയുടെ വസ്തുവക മാത്രമേ ഉള്ളൂ എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലായി 284 ബ്രാഞ്ചുകളുള്ള ധനകാര്യ സ്ഥാപനം 30,000 ലധികം ഇടപാടുകാരെയാണ് വഞ്ചിച്ചത്. ഓസ്ട്രേലിയയിലും ദുബായിലും ഓസ്ട്രേലിയയിലും വന്‍ നിക്ഷേപങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
തട്ടിപ്പിനിരയായവരില്‍ രണ്ടുപേര്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ ഒരാള്‍ ജീവനൊടുക്കി. ഏറ്റവും പുതിയതായി കിട്ടിയിട്ടുള്ള പരാതിയില്‍ സ്ഥാപനത്തില്‍ 7.5 കോടി തട്ടിയതിന്റെ വിവരമാണുള്ളത്. അതേസമയം ഹൈക്കോടതി നിര്‍ദേശം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ധനകാര്യ സ്ഥാപന തട്ടിപ്പിന്റെ കാര്യത്തില്‍ പോലീസ് കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു. കമ്പനി ഇനിയും പണം പിന്‍വലിക്കുന്ന സാഹചര്യം നില നില്ക്കുന്നതിനാല് ഇവരുടെ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ബോണ്ടുകളും കരുതല്‍ സ്വര്‍ണ്ണവുമെല്ലാം മരവിപ്പിക്കാന്‍ തട്ടിപ്പിലെ പ്രതികളുടെ പാസ്പോര്‍ട്ട് തടഞ്ഞുവെയ്ക്കാനും ആവശ്യപ്പെട്ട് ഇടപാടുകാര്‍ ഡിജിപിയ്്ക്ക് കത്തയച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ ബാങ്ക്അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നാണ് ഇടപാടുകാരുടെ പരാതി.
നിക്ഷേപകരില്‍ നിന്നും 2000 കോടിയോളം തട്ടിയിട്ടുണ്ടെങ്കിലും 172 കോടിയേ കണ്ടെത്താനായിട്ടുള്ളെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ 1800 കോടി എവിടെ പോയെന്നോ എന്തു സംഭവിച്ചെന്നോ ഒരു വിവരവുമില്ല. അതുകൊണ്ടു തന്നെ പ്രതികളുടെ ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാ വസ്തുവകകളും കണ്ടുകെട്ടണമെന്നാണ് തട്ടിപ്പിനിരയായവരുടെ സംഘടന ആവശ്യപ്പെടുന്നത്.






