
പാരീസ്: മുന്‍ ചാമ്പ്യന്‍ ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഒസ്റ്റാപെങ്കോ മുന്‍ ലോക ഒന്നാം നമ്പറും രണ്ടാം സീഡുമായ ചെക്കിന്റെ കാരോലിന പ്ലിസ്കോവയെയാണു തോല്‍പ്പിച്ചത്്. സ്കോര്‍: 6-4, 6-2.
2017 ല്‍ സീഡില്ലാ താരമായെത്തിയാണ് ഒസ്റ്റാപെങ്കോ കിരീടം നേടിയത്. ഫിലിപ്പെ ചാട്രിയര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തിലുടനീളം പ്ലിസ്കോവ പിഴവുകള്‍ വരുത്തി. പ്ലിസ്കോവയുടെ സര്‍വീസ് മൂന്നുവട്ടം ഭേദിക്കാന്‍ ഒസ്റ്റാപെങ്കോയ്ക്കായി. ഗ്രാന്സ്ലാം കിരീടമില്ലാതെ ഒന്നാം നമ്പര്‍ സ്ഥാനത്തിരുന്ന താരമെന്ന നേട്ടം പ്ലിസ്കോവ ''നിലനിര്‍ത്തി''.
യു.എസിന്റെ മുന്‍ ചാമ്പ്യന്‍ സ്ലോയാന് സ്റ്റീഫന്സോ സ്പെയിന്റെ പൗല ബാഡോസയോ ഒസ്റ്റാപെങ്കോയെ നേരിടും. യു.എസിന്റെ കൗമാര താരം കോകോ ഗൗഫും തോല്‍വിയറിഞ്ഞു. ഇറ്റലിയുടെ ക്വാളിഫയര്‍ മാര്‍ട്ടിന ട്രെവിസാനാണു കോകോയെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്കോര്‍: 4-6, 6-2, 7-5. ഒന്നാം സെറ്റ് നേടിയ യു.എസ്. താരം മൂന്നാം റൗണ്ടില്‍ കടക്കുമെന്ന പ്രതീതിയുണ്ടാക്കി.
മുന്‍ വനിതാ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസ് ഉപ്പൂറ്റിക്കേ പരുക്ക് മൂലം പിന്മാറിയതോടെ കോകോയ്ക്ക് കിരീട സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു. പതിനാറ് വയസുകാരിയായ ട്രെവിസ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. 2019 ലെ വിമ്പിള്‍ഡണില്‍ ഇറ്റാലിയന്‍ താരം പ്രീ ക്വാര്‍ട്ടറില്‍ കളിച്ചു. ഗ്രീസിന്റെ 20-ാം സീഡ് മരിയ സാക്കാരിയാണു മൂന്നാം റൗണ്ടില്‍ ട്രെവിസിനെ നേരിടുക. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ സെ്വറ്റ്വാന പിറോങ്കോവയുമായി മത്സരിക്കാനിരിക്കേയാണു സെറീന പിന്മാറിയത്. 24-ാം ഗ്രാന്സ്ലാം കിരീടമെന്ന റെക്കോഡിനൊപ്പമാകാന് സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം. പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ സ്പെയിന്റെ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ കടന്നിരുന്നു. രണ്ടാം റൗണ്ടില്‍ യു.എസിന്റെ മക്കന്‍സി മക്ഡൊണാള്സിനെയാണു നദാല്‍ തോല്‍പ്പിച്ചത്. സ്കോര്‍: 6-1, 6-0, 6-3. റൊളാങ് ഗാരോസില്‍ 13-ാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ ഇവിടെ ഇതുവരെ 95 ജയങ്ങള്‍ കുറിച്ചു. മുന്‍ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിലെത്തി. ബെറാങ്കീസിനെയാണു താരം തോല്‍പ്പിച്ചത്. കരിയറിലെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണു ജോക്കോവിച്ചിന്റെ ലക്ഷ്യം.






