
കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിന്റെ ഭാഗമായി മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറച്ചിരുന്നു. മോഹൻലാൽ, ജോജു ജോർജ്, ടൊവിനോ തോമസ് അടക്കമുള്ള താരങ്ങൾ പ്രതിഫലം കുറച്ചത് വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ നടൻ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയുമായി നിർമാതാവ് രംഗത്തെത്തിയിരിക്കുകയാണ്. ബൈജു അഭിനയിച്ച മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് പരാതിയുമായി തന്റെ സംഘടനയെ സമീപിച്ചത്.
തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം. ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളത് എന്നാണ് നിർമാതാവിന്റെ വെളിപ്പെടുത്തല്‍. സംഘടനയ്ക്ക് നല്കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പെടെ നിർമാതാവ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലന്നാണ് ബൈജുവിന്റെ നിലപാടെന്നും അറിയുന്നു.
കോവിഡ് കാലത്തും പല നടന്മാരും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. മോഹൻലാൽ തന്റെ പ്രതിഫലം പകുതിയാക്കിയപ്പോൾ മറ്റു ചിലർ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല എന്ന ആക്ഷേപമുണ്ടായി. ഇതിനിടെ ജോജു, ടോവിനോ ഉൾപ്പടെയുള്ള താരങ്ങൾ പ്രതിഫലം കുറയ്ക്കുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.






