ലഖ്നൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യു.പി പോലീസ് തടഞ്ഞു. 11 മണിയോടെ ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്താനായിരുന്നു പദ്ധതി. എന്നാല്‍ വഴിയില്‍ വച്ച് പോലീസ് തടയുകയായിരുന്നു.
പെണ്‍കുട്ടിയുടെ ഗ്രാമത്തിന് 20 കിലോമീറ്റര്‍ മുമ്പാണ് പോലീസ് തടഞ്ഞത്. ഇതേതുടര്‍ന്ന് അദ്ദേഹം കാല്‍നടയായി ഗ്രാമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം അവരുടെ വീട്ടിലേക്ക് പോകാന്‍ ആസാദ് ശ്രമിച്ചിരുന്നെങ്കിലും യു.പി പോലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.
ഹത്രാസ് പീഡനക്കൊലപാതകത്തില്‍ നേരത്തെ ഡല്‍ഹി ജന്ദര്‍ മന്ദിറിലും ഇന്ത്യാ ഗേറ്റിലും ചന്ദ്രശേഖര്‍ ആസാദിന്െ്റ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. പെണ്‍കുട്ടിക്കും നീതിലഭിക്കുകയും യോഗി ആദിത്യനാഥ് രാജിവയ്ക്കുകയും ചെയ്യുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ വിവിധ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സി.പി.എം നേതാക്കള്‍ ഇന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ വിജു കൃഷ്ണന്, എ.ആര് സിന്ധു, പുണ്യവതി എന്നിവരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ബന്ധുക്കളെ ആശ്വസിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് എല്ലാവിധ സഹായവും പാര്‍ട്ടി വാഗ്ദാനം ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്നലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.






