
പാറ്റ്ന: ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയ ദലിത് നേതാവിനെ വെടിവച്ചുകൊന്ന കേസില്‍ ബിഹാറിലെ പ്രതിപക്ഷ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെതിരേ കൊലക്കേസ് റജിസ്റ്റര്‍ ചെയ്തു. 40കാരനായ ശക്തികുമാര്‍ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. തേജസ്വി യാദവ് നിയമസഭ സീറ്റിന് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ഇയാള്‍ വെടിയേറ്റു മരിച്ചത്.
ബീഹാറില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോപണം ആര്‍ജെഡിയ്ക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബിഹാറിലെ പൂര്‍ണിയയിലെ വീട്ടില്‍ മൂന്ന് പേരാണ് ശക്തികുമാറിനെ വെടിവച്ച് കൊന്നത്. സംഭവത്തില്‍ തേജസ്വിയ്ക്ക്് എതിരേ ശക്തികുമാര്‍ മാലിക്കിന്റെ ഭാര്യ കുശ്ബൂ ദേവി നല്കിയ പരാതിയിലാണ് കേസ്. ഒക്ടോബര്‍ 4 ന് നടന്ന സംഭവത്തില്‍ മാലിക്കിന്റെ വീട്ടില്‍ നിന്നും ഒഴിഞ്ഞ കാറ്ററിഡ്ജും നാടന്‍തോക്കും കണ്ടെത്തിയിരുന്നു. ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ റാണിഗഞ്ചില്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയായിരുന്നു ശക്തികുമാര്‍ മാലിക്ക്. തേജസ്വി തന്നെ ഭീഷണിപ്പെടുത്തുന്നതായും ഇയാള്‍ പരാതി പറഞ്ഞിരുന്നു.
റാണിഗഞ്ച് നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി തേജസ്വി യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ശക്തികുമാറിന്റെ ആരോപണം. ശക്തികുമാറിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തേജസ്വിക്ക് പുറമെ സഹോദരനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്, ആര്‍ജെഡി നേതാവും അനില്‍ കുമാര്‍ സാധു (എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ മരുമകന്), മറ്റ് മൂന്ന് പേര് എന്നിവര്‍ക്കെതിരെയാണ് പൊലീസ് എഫ്ഐആറിട്ടത്.
തേജസ്വി യാദവ് ജാതീയമായി അധിക്ഷേപിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ശക്തിമാലിക്ക് നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഭവം. നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യത്തെ നയിക്കുന്നത് തേജസ്വിയാദവാണ്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച ആരോപണമെന്ന് ആര്‍ജെഡി പ്രതികരിച്ചിരിക്കുന്നത്. ആര്‍ജെഡി പട്ടികജാതിപട്ടികവര്‍ഗ സെല്ലിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ശക്തി മാലിക്ക്.
പാര്‍ട്ടി ഫണ്ടില്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തേജസ്വി യാദവും അനില്‍കുമാര്‍ സാധുവും തന്നെ ഭീഷണിപ്പെടുത്തിയതായി ശക്തികുമാര്‍ നേരത്തെ പറഞ്ഞിരുന്നു. 50 ലക്ഷം രൂപ കോഴ കൊടുത്ത് സീറ്റ് വാങ്ങാതെ സ്വതന്ത്രനായി മത്സരിക്കുകയും തേജസ്വിയെ തുറന്നുകാട്ടുകയും ചെയ്തതുകൊണ്ടാണ് ശക്തികുമാര്‍ കൊല്ലപ്പെട്ടത് എന്നാണ് ശക്തികുമാര്‍ മാലിക്കിന്റെ ബന്ധുക്കള്‍ ആരോപിച്ചിരിക്കുന്നത്.






