
പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്കിയ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക് പറയാനുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കി ശാന്തിവിള ദിനേശ്. താനൊരാളെയും പരിഹസിച്ചിട്ടില്ലെന്നും താന്‍ ആരോടും ലൈംഗികചുവയുള്ള വര്‍ത്തമാനം പറഞ്ഞിട്ടില്ലെന്നും തന്റെ സിനിമാ ജീവിതത്തില്‍ ആരോടു പോലും ദ്വയാര്‍ഥത്തില്‍ സംസാരിച്ചിട്ടില്ലെന്നും ദിനേശ് വ്യക്തമാക്കുന്നു. ഒരു സിനിമാക്കാരനോ പാര്‍ട്ടിക്കാരോ വിളിച്ചില്ലെന്നും അതില്‍ വേദനയുണ്ടെന്നും യുൂട്യൂബ് ചാനലിലൂടെ ദിനേശ് വ്യക്തമാക്കുന്നു.
'' ഞാന്‍ കള്ളം പറയില്ല. ഈ പറയുന്നതൊക്കെ സത്യമാണ്. ഞാനൊരാളെയും പരിഹസിച്ചിട്ടില്ല. ജീവിക്കാന്‍ വേണ്ടിയല്ല യുട്യൂബ് ചാനലുമായി നടക്കുന്നത്. പട്ടിണിയായാല്‍ പോലും പണിയെടുത്ത് ജീവിക്കും. ആരുടെ മുന്നിലും മുട്ടുമടക്കില്ല. കേസിലെ വകുപ്പുകള്‍ ഇങ്ങനെ, ലൈംഗികചുവയുള്ള വര്‍ത്തമാനം പറഞ്ഞതായാണ് പരാതി. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. കാരണം, എംബിഎക്കാരനായ എന്റെ മകനും ഭാര്യയ്ക്കും ഒപ്പമിരുന്നാണ് ഈ വിഡിയോ ഞാന്‍ കാണുന്നത്. എന്റെ സിനിമാ ജീവിതത്തില്‍ ആരോടും പോലും ദ്വയാര്‍ഥത്തില്‍ സംസാരിച്ചിട്ടില്ല.
അടുത്തത്, കള്ളങ്ങള്‍ പറഞ്ഞു പ്രചരിക്കുന്നു എന്നാണ്. കള്ളം പറഞ്ഞെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഈ പണി ഞാന്‍ വേണ്ടന്നു വയ്ക്കും. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെയാണ് ഇതൊക്കെ ചെയ്തത്. കേസ് ഏതറ്റം വരെയും പോകട്ടെ. എനിക്ക് വേണ്ടി വാദിക്കുന്നത് കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ വക്കീലാണ്. പിണറായി വിജയനെ ദൈവതുല്യനായി കാണുന്ന ആളാണ് ഞാന്‍. ആ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത്, ജാമ്യമില്ലാ വകുപ്പിട്ട് തെരുവ് ഗുണ്ടയെപ്പോലെ ദിനേശിനെ അറസ്റ്റ് ചെയ്യാന്‍ ഇവര്‍ ഉത്തരവിട്ടു. ഇതിനിടെ ഫെഫ്കയില്‍ നിന്നും എന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഫെഫ്കയും മാക്ടയും എന്നെ പുറത്താക്കട്ടെ. ഇതിലൊക്കെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. എന്നെ ചതിക്കുന്നുവെന്ന് കണ്ടപ്പോള്‍ ഫെഫ്കയില്‍ നിന്നും ഇറങ്ങിപ്പോയ ആളാണ് ഞാന്‍.
ഒരു സിനിമാക്കാരന് പോലും എന്നെ വിളിച്ചില്ല, പാര്‍ട്ടിക്കാരും വിളിച്ചില്ല. അതില്‍ വേദനയുണ്ട്. ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കില്‍ എന്നെ വിളിക്കണ്ട. ഇതൊന്നും ചെയ്യുന്നവനല്ല, ജീവിതത്തില്‍ സത്യസന്ധമായി ജീവിക്കുന്നവന്. ആ എന്നെയാണ് ഇവര്‍ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തത്. ജാമ്യം കിട്ടിയതിന്റെ അരിശം തീര്‍ക്കാന്‍ ദിവസവും അവര്‍ ഡിജിപിക്ക് പരാതികൊടുത്തു കൊണ്ടിരിക്കുകയാണ്. അഞ്ച് പേജുള്ള പരാതില്‍ ഞാന്‍ ഇന്നലെ ഡിജിപിക്ക് കൊടുത്തിട്ടുണ്ട്. അത് വായിച്ച് അദ്ദേഹം അതില്‍ നടപടി എടുക്കട്ടെ. ഇനി എന്റെ പേരില്‍ കേസെടുക്കാനാണ് തീരുമാനമെങ്കില്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്.'' ശാന്തിവിള ദിനേശ് പറയുന്നു.






