
തിരുവനന്തപുരം : സോഷ്യൽമീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റുചെയ്ത വിജയ് പി നായരെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ. ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്.
ജാമ്യാപേക്ഷയിൽ വാദം കേട്ട തിരുവനന്തപുരം ജില്ലാ കോടതി വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. സ്ത്രീകൾക്കെതിരെ അശ്ലീല വിഡിയോ യൂ ട്യൂബിൽ പോസ്റ്റു ചെയ്ത വിജയ് പി.നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ പ്രതികൾ. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ അറസ്റ്റിലായ വിജയ് പി നായരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.






