
ഹത്രാസ്: ഇന്ത്യയെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസില്‍ പ്രതിയും ഇരയുടെ സഹോദരനും തമ്മില്‍ 100 ലധികം തവണ ഫോണില്‍ ബന്ധപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം. പ്രതിയുമായി ഒരു തരത്തിലും തങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. അഞ്ചു മാസത്തിനിടയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരനും പ്രധാന പ്രതിയും തമ്മില്‍ നൂറിലധികം ഫോണ്‍കോളുകള്‍ നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.
ഇത് തങ്ങള്‍ക്കെതിരേയുള്ള ഗൂഡാലോചനയായിട്ടാണ് പെണ്‍കുട്ടിയുടെ മൂത്ത സഹോദരന് വിലയിരുത്തുന്നത്. കൊലപാതകികള്‍ സൂത്രശാലികള്‍ ആണ്. രക്ഷപ്പെടാന്‍ വേണ്ടി അവര്‍ എന്തിനും തയ്യാറാകും. പത്തുവര്‍ഷം മുമ്പ് പിതാവിന് വേണ്ടിയാണ് സിം എടുത്തത്. എന്നാല്‍ ആ ഫോണ്‍ കാണാതെ പോയി. പിന്നീട് തന്റെ ഐഡി ഉപയോഗിച്ച് വേറെ സിം എടുക്കുകയായിരുന്നു. ഈ ഫോണ്‍ എല്ലായ്പ്പോഴും വീട്ടില്‍ വെക്കാറാണ് പതിവ്. എല്ലാവരും ഈ ഒരു നമ്പറാണ് ഉപയോഗിക്കുന്നത്. ഇത് മാത്രമാണ് തങ്ങള്‍ക്ക് ആകെയുള്ളത് എന്നും അച്ഛനാണ് ആ ഫോണ്‍ കൂടുതല്‍ ഉപയോഗിക്കുന്നതെന്നും ഇയാള്‍ പറയുന്നു.
പെണ്‍കുട്ടിയുടെ വീടിന് അപ്പുറത്ത് റോഡിന്റെ മറുവശത്ത് താമസിക്കുന്ന പ്രധാന പ്രതിയായ സന്ദീപുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന വാദം ഫോണ്‍ വിളിച്ചെന്ന ആരോപണത്തിന് വിധേയനായ പെണ്‍കുട്ടിയുടെ മൂത്ത സഹോദരന് പൂര്‍ണ്ണമായും തള്ളി. ഗസിയാബാദിലാണ് ഇളയ സഹോദരന് താമസിക്കുന്നത്. സാധുക്കളും ദരിദ്രരും ആയതിനാല്‍ യുപി പോലീസ് തങ്ങളെ കുടുക്കാന്‍ നോക്കുകയാണ്.
തങ്ങള്‍ക്ക് എതിരേയുള്ള മാനസീകപീഡനവും അപമാനിക്കലും ഇപ്പോഴും തുടുകയാണ്. പോലീസുകാര്‍ എന്തെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവും അവര്‍ ഉണ്ടാക്കും. പോലീസ് പറയുന്ന ഫോണ്‍ ഡീറ്റൈയ്ല്സിലെ കോള്‍ റെക്കോഡിംഗ് കേള്‍ക്കണമെന്നും ഇയാള്‍ പറയുന്നു. അതിലെ സമയം, സംസാരത്തിന്റെ ദൈര്‍ഘ്യം, ലൊക്കേഷന്‍, വിളിച്ച നമ്പറും വിളിക്കപ്പെട്ട നമ്പറുമെല്ലാം കാണണമെന്നും പറഞ്ഞു.
കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയെ പോലീസ് വ്യക്തിഹത്യ ചെയ്യുകയാണ്. സഹോദരി എപ്പോഴും ഞങ്ങളുടെ ശ്രദ്ധയില്‍ തന്നെയായിരുന്നു. ഫോണ്‍വിളി കാര്യത്തില്‍ അവളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു സംശയവും ഇല്ലെന്നും പെണ്‍കുട്ടിയുടെ മൂത്തസഹോദരന് പറയുന്നു. പ്രതിയെ സഹോദരിയായിരിക്കാം വിളിച്ചതെന്ന വാദവും ഇളയ സഹോദരന് തള്ളിയിട്ടുണ്ട്. സഹോദരി അക്ഷരാഭ്യാസം ഇല്ലാത്തയാളാണെന്നും നിരക്ഷരയായ സഹോദരിക്ക് നമ്പര്‍ എങ്ങിനെ ഡയല് ചെയ്യണമെന്ന് പോലും അറിയില്ലെന്നും സഹോദരിക്ക് ഫോണെടുക്കാന്‍ മാത്രമേ ആകെ അറിയൂ എന്നും പറയുന്നു.






