
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ വ്യാജപ്രചാരണവുമായി ബി.ജെ.പി നേതാവ്. കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായി കര്‍ഷകര്‍ വയലില്‍ മോഡി എന്നും ബി.ജെ.പി എന്നും വായിക്കുന്ന രീതിയില്‍ ഞാറ് നട്ടിരിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് രംഗത്ത് വന്നിരിക്കുന്നത്.
ബംഗാളിലെ ദിനജ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഇതെന്നും. കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് കര്‍ഷകര്‍ മോഡിയെയും ബി.ജെ.പിയെയും അഭിനന്ദിച്ച് വയലില്‍ നെല്‍ച്ചെടികള്‍ വളര്‍ത്തിയെടുത്തതാണെന്നും ദിലീപ് ഘോഷ് അവകാശപ്പെട്ടു. ബീഹാറിലെ കയ്മൂര്‍ ജില്ലയില്‍ നിന്ന് ഈ വര്‍ഷം ജൂലൈയില്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് വസ്തുതാന്വേഷണത്തില്‍ കണ്ടെത്തി.
ബി.ജെ.പി ബംഗാള്‍ ഘടകത്തിന്റെ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡില്‍ ഈ വ്യാജ ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഫെയ്സ്ബുക്കിലും ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ പകര്‍ത്തിയ ചിത്രമാണ് വ്യാജ അവകാശവാദത്തോടെ പ്രചരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ ചില കര്‍ഷകര്‍ മോഡി എന്നും ബി.ജെ.പി എന്നും വായിക്കുന്ന വിധം ഞാറ് നട്ടതിന്റെ ചിത്രമാണ് ദിലീപ് ഘോഷ് എടുത്ത് പ്രചരിപ്പിക്കുന്നത്. പ്രസ്തുത ചിത്രം പകര്‍ത്തുന്ന സമയത്ത് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയിട്ടില്ല.






