
ദുബായ് : സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് റാഷിദ് ഖാന്. അടുത്തിടെ താരത്തിന്റെ ഭാര്യയെ ഗൂഗിളില്‍ തിരഞ്ഞവര്‍ ഒരുപാട്. എന്നാല്‍ ഇക്കാര്യം ഗൂഗിളില്‍ തിരഞ്ഞവര്‍ ഒന്ന് ഞെട്ടി. കാരണം സെര്‍ച്ച് ചെയ്തതിന് റിസര്‍ട്ട് വന്നത് നമ്മുടെ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയുടെ പേര്. പേരിന് ഒപ്പം ചിത്രവും.
ഇതില്‍ നിന്ന് എല്ലാം രസം വെറും 22 വയസ്സുകാരനായ റാഷിദ് ഇതുവരെ കല്ല്യാണം പോലും കഴിച്ചിട്ടില്ല എന്നതാണ്. പിന്നെങ്ങനെയാണ് റാഷിദിന്റെ ഭാര്യയുടെ സ്ഥാനത്ത് അനുഷ്ക ശര്‍മ പ്രത്യക്ഷപ്പെടുന്നത്? ഗൂഗിളിന്റെ അല്‍ഗോരിതത്തിന് സംഭവിച്ച പിഴവാണ് ഇത്തരമൊരു സെര്‍ച്ച് റിസല്‍ട്ടിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018-ലാണ് ഗൂഗിളിന്റെ അല്‍ഗോരിതത്തിന് പണികിട്ടിയ ആ സംഭവം നടക്കുന്നത്. ആ വര്‍ഷം നടന്ന ഒരു അഭിമുഖത്തില്‍ അനുഷ്ക ശര്‍മയും പ്രീതി സിന്റയുമാണ് തന്റെ ഇഷ്ട ബോളിവുഡ് നടിമാരെന്ന് റാഷിദ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗൂഗിളില്‍ റാഷിദിന്റെ പേര് ട്രെന്‍ഡിങ്ങാകുകയും ചെയ്തു. ഇതിനൊപ്പം അനുഷ്കയുടെ പേരും ട്രെന്‍ഡിങ്ങായി. ഇതോടെയാണ് റാഷിദിനെയും അനുഷ്കയേയും ഗൂഗിള്‍ പരസ്പരം ബന്ധിപ്പിച്ചത്. ഇക്കാരണത്താലാണ് റാഷിദിന്റെ ഭാര്യ ആരെന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ അനുഷ്ക പ്രത്യക്ഷപ്പെടുന്നത്.






