
ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത നൈറ്റ്റൈഡേഴ്സിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (25 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 34) ഒഴികെയുള്ള മുന്‍നിര ബാറ്റ്്സമാന്മാര് രണ്ടക്കം കടന്നില്ല. 13-ാം സീസണി ആദ്യമായി കളിക്കാനിറങ്ങിയ ഓപ്പണര്‍ ടോം ബാന്റണ് (12 പന്തില്‍ എട്ട്), നിതീഷ് റാണ (14 പന്തില്‍ ഒന്‍പത്), ഒയിന്‍ മോര്‍ഗാന്‍ (12 പന്തില്‍ എട്ട്) സ്കോര്‍ 50 കടക്കും മുമ്പ് ക്രീസില്‍ തിരിച്ചെത്തി.
ശുഭ്മന്‍ റണ്ണൗട്ടായതോടെ നൈറ്റ്റൈഡേഴ്സിന്റെ തോല്‍വി ഉറപ്പായി. നായകന് ദിനേഷ് കാര്‍ത്തിക്ക് മോശം ഫോം തുടര്‍ന്നു. രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത കാര്‍ത്തിക്കിനെ യുസ്വേന്ദ്ര ചാഹാല്‍ ബൗള്‍ഡാക്കി. ആന്ദ്രെ റസല്‍ (10 പന്തില്‍ 16), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 16) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പ് റോയല്‍ ചലഞ്ചേഴ്സിന്റെ ജയം വൈകിപ്പിച്ചു. ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ചാഹാലും നവദീപ് സെയ്നി, മുഹമ്മദ് സിറാജ്, ഇസ്റു ഉഡാന എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി 33 പന്തില്‍ ആറ് സിക്സറും അഞ്ച് ഫോറുമടക്കം 77 റണ്ണെടുത്ത എ.ബി.ഡിവിലിയേഴ്സും 28 പന്തില്‍ 33 റണ്ണെടുത്ത നായകന് വിരാട് കോഹ്ലിയും പുറത്താകാതെനിന്നു. ആരണ് ഫിഞ്ച് (37 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 47), ദേവദത്ത് പടിക്കല്‍ (23 പന്തില്‍ ഒരു സിക്സറും നാലു ഫോറുമടക്കം 32) എന്നിവര്‍ മികച്ച ബാംഗ്ലൂര്‍ ടീമിനു മികച്ച തുടക്കം നല്കി. എട്ടാം ഓവറിലാണു കൂട്ടുകെട്ട് പിരിഞ്ഞത്. പടിക്കലിനെ ആന്ദ്രെ റസല്‍ ബൗള്‍ഡാക്കി.
കോഹ്ലിയുടെ കൂട്ട്പിടിച്ച് അടിച്ചു തകര്‍ത്ത ഫിഞ്ച് അര്‍ധ സെഞ്ചുറിക്ക് ഏഴ് റണ്‍ അകലെ പ്രസിദ്ധ കൃഷ്ണയുടെ പന്തില്‍ ബൗള്‍ഡായി. ഡിവിലിയേഴ്സ് അടിച്ചു തകര്‍ക്കാനുള്ള മൂഡിലാണു ക്രീസിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന് 23 പന്തില്‍ അര്‍ധ സെഞ്ചുറി കടന്നു. കോഹ്ലിയും ഡിവിലിയേഴ്സും ചേര്‍ന്ന് 47 പന്തില്‍ 100 റണ്‍ നേടി.






