
ടെഹ്‌റാന്‍: പാകിസ്ഥാനില്‍ വെച്ചു നടന്ന പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്ന ആരോപണവുമായി ഇറാന്‍ രംഗത്തെത്തി. ചര്‍ച്ചകള്‍ക്കിടെ യുഎസ് സംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന് നെതന്യാഹുവില്‍ നിന്ന് വന്ന ഫോണ്‍ കോളാണ് കാര്യങ്ങള്‍ അട്ടിമറിച്ചതെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍യുഎസ് സംഘര്‍ഷത്തില്‍ വഴിത്തിരിവാകേണ്ടിയിരുന്ന ചര്‍ച്ചകളെ ഈ സംഭാഷണം പാളം തെറ്റിച്ചതായാണ് ടെഹ്‌റാന്റെ പക്ഷം.
ഇസ്ലാമാബാദില്‍ 21 മണിക്കൂറിലധികം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമവായത്തിലെത്താനാകാതെ യുഎസ് പ്രതിനിധി ജെ.ഡി. വാന്‍സ് മടങ്ങിയത്. ഇതിന് പിന്നാലെ എക്‌സിലൂടെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. യോഗത്തിനിടെ നെതന്യാഹു വാന്‍സുമായി നടത്തിയ സംഭാഷണം ചര്‍ച്ചയുടെ ഗതി മാറ്റിയെന്നും, യുഎസ് സംഘത്തിന്റെ ശ്രദ്ധ ഇസ്രയേലിന്റെ താല്‍പ്പര്യങ്ങളിലേക്ക് തിരിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ ചര്‍ച്ചാ മേശയിലൂടെ കൈക്കലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാന്‍ വിമര്‍ശിച്ചു. ശുഭാപ്തി വിശ്വാസത്തോടെയാണ് തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും എന്നാല്‍ വാന്‍സ് മടങ്ങുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനം അനാവശ്യമായിരുന്നുവെന്നും അരാഗ്ചി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും താല്‍പ്പര്യവും സംരക്ഷിക്കാന്‍ ഇറാന്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാന ചര്‍ച്ചകള്‍ക്കിടെ നെതന്യാഹു വാന്‍സിനെ വിളിച്ചെന്ന ആരോപണം വാഷിങ്ടണ്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. നിലവില്‍ മേഖലയില്‍ അമേരിക്ക പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ ഒമ്പത് ദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. സമാധാന നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയില്‍ വീണ്ടും അനിശ്ചിതാവസ്ഥയും സംഘര്‍ഷ സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.





