
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് കാമ്പസില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ കാമ്പസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. കോളേജ് മാനേജ്‌മെന്റിനെതിരെയും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെയും കര്‍ശന നടപടി ആവശ്യപ്പെട്ടാണ് സമരം നടന്നത്
പ്രതിഷേധത്തിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷമാണ് കാമ്പസിലുണ്ടായത്. സമരത്തിനെത്തിയ ഒരു വനിതാ പ്രവര്‍ത്തകയെ പോലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയും കയ്യിലും കാലിലും പിടിച്ചു തൂക്കി വാനിലേക്ക് കയറ്റുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. 'നാണംകെട്ട പോലീസേ' എന്ന് വിളിച്ചുകൊണ്ടായിരുന്നു കെ.എസ്.യു പ്രവര്‍ത്തകര്‍ പോലീസിനെതിരെ ആഞ്ഞടിച്ചത്. പോലീസ് പല അധ്യാപകരില്‍ നിന്നും മറ്റും താല്പര്യങ്ങള്‍ കൈപ്പറ്റിയാണ് വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
നിതിന്‍രാജ് മരണത്തിന് മുന്‍പ് അയച്ച വോയിസ് നോട്ടുകള്‍ അധ്യാപകരുടെ പീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. അധ്യാപകര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുമെന്നും ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും വോയിസ് നോട്ടില്‍ പറയുന്നുണ്ട്. ഒരു പാവപ്പെട്ട വിദ്യാര്‍ഥിക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പോലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു.
എച്ച്.ഓ.ഡി. റാം, അധ്യാപിക സംഗീത എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ഥികളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇവര്‍ തരംതിരിക്കാറുണ്ടെന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തി. നിലവില്‍ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുക്കുകയും അന്വേഷണ വിധേയമായി ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുറ്റക്കാരായ ഈ അധ്യാപകരെ ഇനി കോളേജില്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥി സംഘടന.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നാട്ടില്‍ ഇത്തരമൊരു ദാരുണമായ സംഭവം നടന്നിട്ടും ഇതുവരെ പ്രതികളെ പിടികൂടാത്തതിനെ കെ.എസ്.യു രൂക്ഷമായി വിമര്‍ശിച്ചു. 'പിണറായി ഉറങ്ങുകയാണ്' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, സംഭവത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പ്രിന്‍സിപ്പല്‍ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്ന് കെ.എസ്.യു വ്യക്തമാക്കി





