
അടുത്ത തലമുറയുടെ നേതാവെന്ന് ടൈം മാഗസിന് തന്നെ വിശേഷിപ്പിച്ച പെണ്‍കുട്ടിയാണ് മാനസി ജി ജോഷി. ഈ വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തന്നെ മാനസിയുടെ ജീവിതം അടുത്തറിയുമ്പോള്‍ മനസിലാക്കാം. ഇന്ത്യയുടെ പാരാ അത്ലറ്റും ബാഡ്മിന്റണ്‍ താരവുമാണ് മാനസി. 2019 ലെ പാരാ ബാഡ്മിന്റണ്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണമെഡല്‍ മാനസി നേടിയിരുന്നു. SL3 സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം കൂടിയാണ് മാനസി.
ആറാം വയസ്സു മുതല്‍ മാനസി പിതാവിന്റെ ശിഷ്യണത്തോടെ ബാഡ്മിന്റണ്‍ കളിക്കാന്‍ തുടങ്ങി. മാതാപിതാക്കള്‍ മാനസിയെ കായിക ഇനങ്ങളില്‍ മാത്രമല്ല പഠനത്തിലും ശ്രദ്ധേയ ആക്കിയിരുന്നു. എഞ്ചിനീയറിങ് പഠനത്തിന് ശേഷം സോഫ്റ്റ്വെയര് എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ അപകടം മാനസിക്ക് സംഭവിച്ചത്. 2011-ലായിരുന്നു അത്. മാനസിയുടെ ബൈക്ക് ഒരു ട്രെക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മാരകമായ പരിക്കുകളോടെ 45 ദിവസത്തോളം മാനസി ആശുപത്രിയില്‍ കിടന്നു, അഞ്ചോളം ശസ്ത്രക്രിയകള്‍ ചെയ്തു. മാത്രമല്ല മാനസിയുടെ ഒരു കാല് നഷ്ടപ്പെടുകയും ചെയ്തു. കാല് നഷ്ടമായെങ്കിലും പോരാടാന്‍ തന്നെ അവള് തീരുമാനിച്ചു.
റീഹാബിലേഷന്‍ തെറാപ്പിയുടെ ഭാഗമായി വീണ്ടും മാനസി ബാഡ്മിന്റണ്‍ കളിച്ചു തുടങ്ങി. 2015ലെ പാരാ ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ മിക്സഡ് ഡബിള്‍സില്‍ വെള്ളി നേടുകയും 2019-ല്‍ ലോക രണ്ടാം നമ്പര്‍ താരമായി മാറുകയും ചെയ്തു. ടൈം മാഗസിന്റെ ഈ അംഗീകാരം വലിയ ഉത്തരവാദിത്തമാണെന്നാണ് മാനസി പറയുന്നത്. '' എന്നെപ്പോലെ ഒരാള്‍ അതും ഇത്ര ചെറിയ പ്രായത്തില്‍ ടൈം മാഗസിന്റെ കവര്ചിത്രമാകുക, അടുത്ത തലമുറയെ നയിക്കേണ്ടവള്‍ എന്ന് വിളിക്കപ്പെടുക. ഒരിക്കലും വിചാരിച്ച കാര്യങ്ങളല്ല ഇതൊന്നും. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും ആരും പ്രതിനിധീകരിക്കാനില്ലാത്തവരുടെ ശബ്ദമാകാന്‍, എന്റെ ചിന്തകള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ ഞാനും എന്റെ കായിക ഇനവും കൂടുതല്‍ ചുമതലപ്പെട്ടിരിക്കുന്നു.'' - മാനസി തനിക്ക് ലഭിച്ച ഈ അംഗീകാരത്തെ പറ്റി പറയുന്നു.






