
കൊച്ചി : യുക്തിവാദികളും മതപണ്ഡിതരും തമ്മില്‍ ഖുറാന് വിഷയത്തില്‍ നടത്താനിരിക്കുന്ന സംവാദത്തെച്ചൊല്ലി സാമൂഹിക മാധ്യമഗ്രൂപ്പുകളില്‍ ആവേശത്തിരയിളക്കം. ഒരുഭാഗത്ത് പ്രമുഖചിന്തകനും യുക്തിവാദിയുമായ ഇ.എ. ജബ്ബാറും മറുഭാഗത്ത് മുസ്ലിംപണ്ഡിതരായ മുജാഹിദ് ബാലുശേരിയും എം.എം. അക്ബറുമാണ് മതസംവാദത്തിനായി നിലയുറപ്പിക്കുന്നത്. ഇ.എം. ജബ്ബാറിന്റെ വെല്ലുവിളി എം.എം. അക്ബര്‍ ഏറ്റെടുത്തതോടെയാണ് ഒരു മതസംവാദത്തിനായി സമൂഹികമാധ്യമഗ്രൂപ്പുകളില് സമീപകാലത്തൊന്നും കാണാത്ത ആവേശം പ്രകടമായത്.
ഖുറാനിലെ ദൈവികത്വവും ശാസ്ത്രീയതയും സംബന്ധിച്ച് യഥാര്‍ത്ഥ വിശ്വാസികളെ കബളിപ്പിക്കുകയാണ് മുജാഹിദ് ബാലുശേരിയും അക്ബറുമെന്നാണ് സംവാദത്തിനു മുന്നോടിയായി ഇ.എ. ജബ്ബാര്‍ യുട്യൂബ് വീഡിയോയില്‍ ആരോപിച്ചിരുന്നത്. ഖുറാനില്‍ ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ ഗോത്ര അറിവുകളല്ലാതെ ആധുനികശാസ്ത്രത്തിന്റെ സൂചനകള്‍ ഇല്ലെന്നാണ് ജബ്ബാര്‍ സമൂഹമാധ്യത്തില്‍ പങ്കുവച്ച ചിന്താധാര. തന്റെ വിചാരങ്ങളെ എതിര്‍ക്കുന്നവരുണ്ടെങ്കില്‍ കാര്യകാരണ സഹിതം സംവാദത്തിനു മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മുസ്ലിം പണ്ഡിതരായ മുജാഹിദ് ബാലുശേരിയേയൂം അക്ബറെയും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.
ബാലുശേരിയെ സംവാദത്തിനെത്തിക്കുന്നവര്ക്ക് 30000 രൂപവരെ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഇതുവരെ ഖുറാനെതിരേ അടക്കം താന്‍ നടത്തിയ സകല വിമര്‍ശനങ്ങളും പിന്‍വലിക്കാമെന്നും ഷഹാദത്ത് ചൊല്ലി മുസ്ലിമാകാമെന്നും ഇ.എ. ജബ്ബാര്‍ വ്യക്തമാക്കിയിരുന്നു. ആദ്യം വെല്ലുവിളി ഏറ്റെടുക്കാന്‍ ആരും തയാറായിരുന്നില്ല. ഒടുവില്‍ അക്ബര്‍ വെല്ലുവിളി ഏറ്റെടുക്കുകയും ജബ്ബാറിനു മറുപടിയായി വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു. ഖുറാന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് തെളിയിക്കുമെന്ന് അക്ബര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.
മഞ്ചേരിയിലെ 'നിഷ് ഓഫ് ട്രൂത്ത്' എന്ന സംഘടനയുടെ ചെയര്മാന് കൂടിയായ അക്ബര്‍ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും നിറഞ്ഞു നില്ക്കുന്ന പ്രമുഖ മുസ്ലിം മത പണ്ഡിതനാണ്. അക്ബറും ജബ്ബാറും നേര്‍ക്കുനേര്‍ വന്നതോടെ വാശിയും വീറും ഇരുവരെയും പിന്തുണയ്ക്കുന്നവര്‍ സമൂഹമാധ്യമങ്ങളിലേക്കും പകര്‍ന്നിട്ടുണ്ട്. മുസ്ലിംമതത്തിനും മതവിശ്വാസികള്‍ക്കും എതിരേ തിരിയുന്ന നിരീശ്വര വാദികളെ പൊളിച്ചടുക്കുന്നതിനുള്ള വേദിയായിട്ടാണ് വിശ്വാസികള്‍ ഈ സംവാദത്തെ കാണുന്നത്.






