ലഖ്നൗ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണ സംഘം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറിയേക്കും. അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അല്‍പ്പസമയം കൂടി വേണ്ടി വരുമെന്നും പ്രത്യേക അന്വേഷണ സംഘാംഗം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സെപ്റ്റംബര്‍ 30നാണ് യു.പി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപകരിച്ചത്. പ്രാഥമികന്വേഷണം പൂര്‍ത്തിയാക്കാന്‍ ആദ്യം ഒരാഴ്ച അനുവദിച്ചു. പിന്നീട് 10 ദിവസത്തേക്ക് സമയം നീട്ടില് നല്കി. ഈ സമയപരിധി ശനിയാഴ്ച അവസാനിക്കും. സംസ്ഥാന ഹോം സെക്രട്ടറി ഭഗവന്‍ സ്വരൂപ്, ഐ.ജി ചന്ദ്രപ്രകാശ്, എസ്.പി പൂനം എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.
പ്രത്യേക അന്വേഷണ സംഘവും സി.ബി.ഐ സംഘവും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. ഗ്രാമവാസികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ എന്നിവരില്‍ നിന്നും അന്വേഷണ സംഘങ്ങള്‍ മൊഴിയെടുത്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 29നാണ് പെണ്‍കുട്ടി മരിച്ചത്.






