
തിരുവനന്തപുരം: കത്തുന്ന വേനല്‍ച്ചൂടിനു പിന്നാലെ സംസ്‌ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വ റെക്കോര്‍ഡുകളും ഭേദിച്ചു കുതിക്കുന്നു. ചരിത്രത്തിലാദ്യമായി പ്രതിദിന ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് പിന്നിട്ടു.ഇതോടെ സംസ്‌ഥാനം കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്കാണു നീങ്ങുന്നത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ നിയന്ത്രിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന സൂചന കെ.എസ്.ഇ.ബി. നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മേയ് മൂന്നിനു രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റിന്റെ റെക്കോര്‍ഡാണ് കഴിഞ്ഞ 17നു പഴങ്കഥയായത്. വൈദ്യുതി ആവശ്യകത വൈകുന്നേരങ്ങളില്‍ 6013 മെഗാ വാട്ട് വരെ ഉയരുന്നതു കെ.എസ്.ഇ.ബിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ചൂട് അസഹനീയമായതോടെ വീടുകളിലും ഓഫീസുകളിലും എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം കുത്തനെ കൂടി. രാത്രി ഏഴു മുതല്‍ 11 വരെയാണ് ഏറ്റവും കൂടുതല്‍ ലോഡ് അനുഭവപ്പെടുന്നത്.
വേനല്‍ മഴ ചതിച്ചതോടെ അന്തരീക്ഷ താപനില താഴാത്തതു ഫാനുകളുടെയും കൂളറുകളുടെയും ഉപയോഗം കൂട്ടി.ആഭ്യന്തര ഉത്‌പാദനം വര്‍ധിപ്പിക്കാന്‍ ഡാമുകളില്‍ ആവശ്യത്തിനു വെള്ളമില്ലാത്തതു തിരിച്ചടിയാണ്. പുറത്തുനിന്ന് അമിത വിലയ്‌ക്കു വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കെ.എസ്.ഇ.ബിയുടെ സാമ്പത്തിക സ്‌ഥിതി ഇതിനു തടസമാകുന്നുണ്ട്. കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
വൈകിട്ട് ഏഴു മുതല്‍ 11 വരെയുള്ള 'പീക്ക് അവര്‍' സമയത്തു വലിയ തോതില്‍ വൈദ്യുതി വലിച്ചെടുക്കുന്ന ഉപകരണങ്ങള്‍ (വാഷിങ് മെഷീന്‍, മിക്‌സി, മോട്ടോര്‍, ഇന്‍ഡക്ഷന്‍ സ്‌റ്റൗ) ഉപയോഗിക്കരുതെന്നു കെ.എസ്.ഇ.ബി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.






