
കൊച്ചി: സംസ്‌ഥാനം ചുട്ടുപൊള്ളുമ്പോള്‍ നേരിയ ആശ്വാസവുമായി ഒറ്റപ്പെട്ട വേനല്‍മഴയുണ്ടാകും. ഇന്നും നാളെയും മഴ പെയ്യുമെന്നാണ് സൂചന. എന്നാല്‍, മഴ പെയ്‌താലും അന്തരീക്ഷ താപനില കുറയില്ല. സംസ്‌ഥാനത്ത് ഇന്നു വരെ കഠിനമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. 12 ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ അനുഭവപ്പെടുന്നതിനേക്കാളും മൂന്നു ഡിഗ്രിയോളം അധികമാണ് ഇപ്പോഴുള്ള അന്തരീക്ഷ താപനില. ഉഷ്‌ണതരംഗസാധ്യത വര്‍ധിച്ചതിനാല്‍ സൂര്യാഘാതത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് 6 ലേക്ക് എത്തിയതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഉയര്‍ന്ന താപനിലയ്‌ക്കൊപ്പംതന്നെ അന്തരീക്ഷത്തിലെ ഈര്‍പ്പസാന്നിധ്യവും (ഹ്യുമിഡിറ്റി) ചൂട് കൂട്ടുന്നു. ഹ്യുമിഡിറ്റി കൂടുമ്പോള്‍ ശരീരത്തിന് അനുഭവവേദ്യമാകുന്ന ചൂടും കൂടും. സാധാരണ അന്തരീക്ഷതാപനില 38 ഡിഗ്രിയാണെങ്കില്‍ ഹ്യുമിഡിറ്റികൂടി ഇതിനോടു ചേരുമ്പോള്‍ ശരീരത്തിന് അനുഭവിക്കേണ്ടിവരുന്ന ചൂട് 42 ഡിഗ്രിയോളമാകുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുമ്പോള്‍ ശരീരത്തില്‍നിന്നു വിയര്‍പ്പ് കുറയും. ഇതുമൂലം ശരീരം തണുക്കില്ല. തത്‌ഫലമായി ചൂട് കൂടുതല്‍ തോന്നിക്കും. നഗരവത്‌കരണ(അര്‍ബനൈസേഷന്‍) സാഹചര്യമാണു നഗരങ്ങളില്‍ ചൂടു കൂടാന്‍ ഇടയാക്കുന്നത്. കോണ്‍ക്രീറ്റ്, ടാര്‍ റോഡുകള്‍ കൂടുതല്‍ ചൂട് ആഗിരണം ചെയ്ും. മരങ്ങള്‍ കുറവായതിനാല്‍ നഗരങ്ങളില്‍ തണലും ലഭിക്കില്ല. അറബിക്കടലില്‍നിന്ന് ഈര്‍പ്പമുള്ള വായുവിന്റെ പ്രവാഹം കരയിലേക്കു വരുന്നതിന്റെ ഫലമായിട്ടാണ് ഒറ്റപ്പെട്ട മഴയ്‌ക്കു സാധ്യതയുള്ളത്. കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ തീരപ്രദേശങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കു സാധ്യതയുണ്ട്. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.






