കൊച്ചി: മുസ്ലീം ലീഗ് എം.എല്‍.എ എം.സി ഖമറുദീന് പ്രതിയായ ജ്വല്ലറി തട്ടിപ്പ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ മറ്റൊരു രൂപമെന്ന് ഹൈക്കോടതി. തന്റെ പേരിലുള്ള കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി ഖമറുദീന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഖമറുദീന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടി.
നിക്ഷേപകരുമായുള്ള കരാര്‍ പാലിച്ചില്ലെന്നും സിവില്‍ കേസ് ആണ് തനിക്കെതിരെ നിലവിലുള്ളതെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഖമറുദീന് കോടതിയെ സമീപിച്ചത്. ചന്ദേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഖമറുദീന്. ഖമറുദീന് പ്രമോട്ടറായ കമ്പനി നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്. 2017ന് ശേഷം കമ്പനി കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് എംസി ഖമറുദീനെതിരെ ലഭിച്ചിരിക്കുന്നത്.






