
ജിഹാദി- മാവോയിസ്റ്റ്- കോണ്‍ഗ്രസ് - ചര്‍ച്ച് - ഐ.എസ്.ഐ. കൂട്ടായ്മകളെക്കുറിച്ചൊക്കെ പലപ്പോഴും പലരും സംസാരിക്കാറുണ്ട്. ഇന്ത്യയില്‍ അതൊരു യാഥാര്‍ഥ്യമാണെന്നു കാണിച്ചുതരുന്നതാണ് ഭീമ - കൊറേഗാവ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സമര്‍പ്പിച്ച പുതിയ കുറ്റപത്രം. ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍, വികസനം തടയാന്‍, അസമാധാനം ഉണ്ടാക്കാന്‍ ആരൊക്കെ ഇടപെടുന്നു എന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. കേരളം മുതല്‍ കശ്മീര്‍ വരെ നീളുന്ന ഒരു ചങ്ങലയും നാം ഇതിനിടയില്‍ കാണുന്നുണ്ട്. ഇത്തരം ശക്തികള്‍ പല വിധേന, പല രൂപത്തില്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മുന്‍പും പല സംഭവങ്ങളിലും ഈ അവിശുദ്ധ കൂട്ടുകെട്ട് പ്രകടമായിരുന്നു എന്നത് ഇപ്പോള്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതൊക്കെ പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഭീമ - കൊറേഗാവ് കേസിന്റെ ചരിത്രം
മഹാരാഷ്ട്രയിലെ പുനെയ്ക്കു സമീപം ഭീമ നദിക്കടുത്തുള്ള ഒരു ഗ്രാമമാണു കൊറേഗാവ്. 1818 ജനുവരി ഒന്നിന് അവിടെ നടന്ന ഒരു ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഇരുനൂറാം വാര്‍ഷികത്തിന്റെ പേരില്‍ 2017 ഡിസംബര്‍ 31-നും തുടര്‍ന്നുള്ള ദിവസങ്ങളിലും വലിയ സമ്മേളനം വിളിച്ചുചേര്‍ത്തു. ഇരുനൂറോളം സംഘടനകള്‍ ചേര്‍ന്നു നടത്തിയ സമ്മേളനത്തെത്തുടര്‍ന്ന് വ്യാപക അക്രമവും മരണവുമൊക്കെ നടന്നു. ഈ അക്രമമാണ് അന്വേഷണ ഏജന്‍സികളെ ഇതിലേക്കെത്തിച്ചത്. ആരൊക്കെ അതുമായി ബന്ധപ്പെട്ടിരുന്നു, ആര്‍ക്കൊക്കെ അതില്‍ പങ്കുണ്ടായിരുന്നു എന്നതൊക്കെ ആദ്യമേ പുനെ പോലീസ് അന്വേഷിച്ചു. പിന്നീട് പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.
പുനെയിലെ ആ സംഭവത്തിനു പിന്നില്‍ ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ മുതല്‍ ഡല്‍ഹിയും ഝാര്‍ഖണ്ഡും കശ്മീരും വരെ നീളുന്ന കണ്ണികളുണ്ടായിരുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ നീക്കമായിരുന്നു അതെന്നതാണ് കേന്ദ്ര ഏജന്‍സികളെ ഏറെ കരുതലോടെ നീങ്ങാന്‍ പ്രേരിപ്പിച്ചത്. ക്രൈസ്തവ വിഭാഗത്തിലെ ഒരു ഗ്രൂപ്പ്, മാവോയിസ്റ്റുകള്‍, പാകിസ്താന് ബന്ധമുള്ള ജിഹാദികള്‍, ഐ.എസ്.ഐ, പിന്നെ കുറെ കോണ്‍ഗ്രസുകാരും എന്‍.സി.പിക്കാരും. കേന്ദ്ര സര്‍ക്കാരിനെതിരായ സമരമായതിനാലാണോ അതോ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറ്റെന്തെങ്കിലും താല്‍പ്പര്യമുണ്ടായിരുന്നോ എന്നതൊക്കെ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ടെന്നു കരുതുന്ന ഒരാളാണു ഞാന്‍. പ്രധാനമന്ത്രിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവന്നതും ഈ അന്വേഷണത്തിനിടയിലാണെന്ന് ഓര്‍ക്കുക. ഡല്‍ഹിയില്‍ പിടിയിലായ ഒരു അര്‍ബന്‍ നക്സലിന്റെ ലാപ്ടോപ്പില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നല്ലോ. നരേന്ദ്ര മോഡി തെരഞ്ഞെടുപ്പു സമയത്ത് നടത്തുന്ന റോഡ് ഷോകള്‍ക്കിടയില്‍ പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചവരാണ് പിടിയിലായവരില്‍ ചിലര്‍. അതൊക്കെ നിസാരമായി കാണാനാകുമോ?
വേറൊന്ന്, കോണ്‍ഗ്രസ് ബന്ധമാണ്. പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതിക്കു പിന്നില്‍ കോണ്‍ഗ്രസുണ്ടെന്ന് ഇപ്പോള്‍ കരുതേണ്ടതില്ല; അതും അതിനപ്പുറവും ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയുടെ തലപ്പത്തുണ്ടെങ്കിലും. എന്നാല്‍ വേറൊന്ന് വെളിച്ചത്തു വന്നുകഴിഞ്ഞതാണ്. ഈ പദ്ധതിക്കു പണമെത്തിച്ചത് മഹാരാഷ്ട്രയിലെ ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയക്കാരാണ്. നിയമസഹായം ഉറപ്പാക്കിയത് രാഹുല്‍ ഗാന്ധിയുടെ സ്വന്തക്കാരായ കോണ്‍ഗ്രസുകാരാണ്. ഇവരില്‍ ചിലര്‍ രാഹുലിനെ നേരില്‍ക്കണ്ടു സംസാരിച്ചതും മറ്റും പുറത്തുവന്നതാണ്. സമാധാനപരമായി സമ്മേളനം നടത്താനായിരുന്നുവെങ്കില്‍ നിയമസഹായവും മറ്റും തേടേണ്ടതില്ലല്ലോ. അതിനു കോണ്‍ഗ്രസ് നേതാക്കളുടെ സഹായം അഭ്യര്ത്ഥിക്കേണ്ടതുമില്ലല്ലോ. പിടിയിലായ മാവോയിസ്റ്റുകളും അവരുടെ കൂട്ടാളികളും ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞതൊക്കെയും നമ്മുടെ മുന്നിലുണ്ട്. ഗുജറാത്തില്‍നിന്നു പിടിയിലായ ചിലര്‍ തെറ്റ് ഏറ്റുപറഞ്ഞതും മറന്നുകൂടാ. കോണ്‍ഗ്രസുകാര്‍ ചതിച്ചെന്നാണ് അവരുടെ വിലാപം. പക്ഷേ ഈ കേസിലെ ചില പ്രധാനികള്‍, മാവോയിസ്റ്റുകളും നക്സലുകളും മറ്റും അടക്കമുള്ളവര്‍ അറസ്റ്റിലായപ്പോഴും അതിന് മുന്‍പ് അവര്‍ ചോദ്യംചെയ്യാന്‍ വിളിക്കപ്പെട്ടപ്പോഴും ബേജാറായി കോടതിയിലെത്തിയത് കോണ്‍ഗ്രസുകാരായി നാം കണ്ടിട്ടുള്ള മുതിര്‍ന്ന അഭിഭാഷകരാണ്. രാഹുല്‍ പ്രഭൃതികള്‍ ഉറപ്പുനല്‍കിയത് നിയമ പരിരക്ഷയായിരുന്നല്ലോ.
ഇത്തരം ശക്തികള്‍ ഇതാദ്യമായല്ല
ഒട്ടനവധി വികസന പദ്ധതികള്‍ അട്ടിമറിക്കാനും രാജ്യത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനും പലവിധ ശ്രമങ്ങള്‍ നടന്നത് ഓര്‍ക്കാതെ പോയിക്കൂടാ. അതിലെ ഏറ്റവും പുതിയ അധ്യായമാണു ഹത്രാസില്‍ കണ്ടത്. നര്‍മ്മദ നദീജല പദ്ധതിക്കെതിരേ നടന്ന സമരങ്ങള്‍ ഓര്‍ക്കുക. മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ പദ്ധതി ഗൗരവത്തിലെടുക്കുകയും മുന്നോട്ട് കൊണ്ടുപോകുകയുംചെയ്തു. സര്‍ദാര്‍ സരോവര്‍ പദ്ധതി ഗുജറാത്തിലെ 15 ജില്ലകളിലെ 73 താലൂക്കുകളില്‍ 3,112 ഗ്രാമങ്ങളില്‍ ജലസേചന സൗകര്യമെത്തിച്ചു. 18.45 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് വെള്ളമെത്തിച്ചു. ഇത് ചെറിയ കാര്യമാണോ?. അതിനെതിരേ സമരം നടത്തിയവര്‍ ഉന്നയിച്ചത് എന്തൊക്കെ അസത്യങ്ങളാണ്? അതിനു പണം കൊടുത്തത് വിദേശ ഏജന്‍സികളല്ലേ? ആ വിദേശ സംഘടനകള്‍ ലക്ഷ്യമിട്ടത് ഇന്ത്യയെ നന്നാക്കാനായിരുന്നില്ലല്ലോ. ഇന്ത്യ നന്നാകരുതെന്നല്ലേ അവര്‍ ആഗ്രഹിച്ചത്? അതിനു കൂട്ടുനിന്നവരല്ലേ വിദേശ പണമൊഴുക്കി വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്?
തമിഴ്നാട്ടില്‍ കൂടംകുളം പദ്ധതി നടപ്പാക്കിയപ്പോള്‍ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സമരം നടത്തിയതോര്‍ക്കുക. ആണവനിലയം വന്നാല്‍ മത്സ്യസമ്പത്ത് ഇല്ലാതാകുമെന്നു വിളിച്ചുകൂവി. ഇന്ന് ദക്ഷിണേന്ത്യക്കു വേണ്ടത്ര വൈദ്യുതി ലഭ്യമാവുന്നുണ്ടെങ്കില്‍ അതിനൊരു കാരണം കൂടംകുളം പദ്ധതിയാണ്. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പദ്ധതി വേറൊന്ന്; ചെമ്പ് സംസ്കരണ പ്ലാന്റാണത്. അതിനെതിരെ സമരം ചെയ്തവരുടെ ലക്ഷ്യമെന്തായിരുന്നു? ആ സ്ഥാപനം പൂട്ടിയതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ പാകിസ്താനും ചൈനയുമാണ്; ഇവിടെ ഉല്‍പ്പാദനം നിലച്ചപ്പോള്‍ പാക് പദ്ധതിക്ക് ലാഭമേറുകയല്ലേ ഉണ്ടായത്? കൂടംകുളം, സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരങ്ങള്‍ക്കൊക്കെ സമാനരൂപമുണ്ടായിരുന്നു -ഇന്ത്യാവിരുദ്ധ എന്‍.ജി.ഒകളുടെ സജീവ സാന്നിധ്യം. പിന്നെ പള്ളി- ജിഹാദി- മാവോയിസ്റ്റ് കൂട്ടുകെട്ട്. അവര്‍ക്ക് താങ്ങും തണലുമായി കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും. രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നുമാത്രം; അതുപോലെ എത്രയോ പദ്ധതികള്‍ അട്ടിമറിക്കാന്‍ ഈ അവിശുദ്ധ കൂട്ടുകെട്ട് ശ്രമിച്ചിട്ടുണ്ട്.
ജെസ്യൂട്ട് അച്ചന്മാരും മാവോയിസ്റ്റുകളും
വനവാസി - ഗോത്ര മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന അച്ചന്മാരും കന്യാസ്ത്രീകളും മറ്റും പറയാറുള്ളത് സേവനമനുഷ്ഠിക്കുന്നു എന്നാണ്. അതാണവരുടെ മോട്ടോ എന്ന് ക്രൈസ്തവസഭകള്‍ വിളിച്ചുപറയാറുമുണ്ട്. അങ്ങനെയുള്ളവര്‍ക്കു മനുഷ്യസ്നേഹമല്ലേ ഉണ്ടാകേണ്ടത്? പാവപ്പെട്ടവരെ സ്നേഹിക്കുകയും അവരെ സഹായിക്കുകയുമല്ലേ വേണ്ടത്? എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്നിന്നുള്ളവര് സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നു എന്ന ആക്ഷേപത്തിന് ഏറെ പഴക്കമുണ്ട്. അതുകൊണ്ടുകൂടിയാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള നിയമങ്ങള്‍ പാസാക്കിയത്. എന്നിട്ടും പലതും വഴിവിട്ടു നടക്കുന്നുെണ്ടന്നതു പരമാര്‍ത്ഥമാണ്.
ഇതു സൂചിപ്പിക്കാന്‍ കാരണം ഈ കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമിയെക്കുറിച്ചുള്ള വാര്‍ത്തകളാണ്. മലയാളിയായ ഈ ജെസ്യൂട്ട് അച്ചന് പ്രതിക്കൂട്ടിലായത് സ്വന്തം പ്രവര്‍ത്തനശൈലികൊണ്ടാണ് എന്നതാണു വിലയിരുത്തപ്പെടേണ്ടത്. പുെനയില് ഈ കലാപമുണ്ടായതു മുതല്‍ ചോദ്യംചെയ്യപ്പെടാനിടയായ ഒരാളാണ് ഈ ക്രൈസ്തവ പുരോഹിതന്. അദ്ദേഹത്തിന്റെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു; അത്തരക്കാര്‍ക്കുവേണ്ടി പണമൊഴുക്കിയതും കണ്ടെത്തി.
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഈ പുരോഹിതന് എന്താണ് ഇടപാടുകള്‍? അമേരിക്കയില്‍ ചെന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവിയുമായി ചര്‍ച്ചനടത്തിയ മാവോയിസ്റ്റ് നേതാവുമായി എന്താണു പങ്കിടാനുണ്ടായിരുന്നത്? കലാപമുണ്ടാക്കി അതിലൂടെ സര്‍ക്കാരിനെയും രാജ്യത്തെയും പ്രതിസന്ധിയിലാക്കാനുള്ള പദ്ധതിക്ക് ഒരു മതപുരോഹിതന് സജീവമായി പങ്കാളിയാകേണ്ടതുണ്ടായിരുന്നോ? മതപ്രചാരണം നടത്താം, സേവന പ്രവര്‍ത്തനങ്ങളാകാം. അതിനൊക്കെ ഈ രാജ്യത്ത് ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതിന്റെ ലക്ഷ്യം തെറ്റിയാല്‍, സീമകള്‍ ലംഘിക്കപ്പെട്ടാല്‍; നിയമങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടാല്? അതാണ് ഝാര്‍ഖണ്ഡിലെ അച്ചനു സംഭവിച്ചത്. ഇതിനൊക്കെയിടയില്‍ കോണ്‍ഗ്രസ് കൈകള്‍ കാണുന്നു എന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. അതിനെക്കുറിച്ചൊക്കെ കുറ്റപത്രത്തില്‍ എന്‍.ഐ.എ. എന്താണു പറഞ്ഞതെന്നത് വെളിച്ചം കാണേണ്ടതായിട്ടുണ്ട്.
കെ.വി.എസ്. ഹരിദാസ്





